ന്യൂഡൽഹി
രാജ്യത്ത് ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനത്തിൽ പണപ്പെരുപ്പനിരക്ക് 10 മാസത്തിനുശേഷം ആറു ശതമാനത്തിൽ താഴെയായി. നവംബറിൽ ഈ മേഖലയിൽ പണപ്പെരുപ്പത്തിന്റെ അഖിലേന്ത്യാ ശരാശരി 5.88 ശതമാനമാണെന്ന് സ്ഥിതിവിവരക്കണക്ക് മന്ത്രാലയം അറിയിച്ചു. ഒക്ടോബറിൽ 6.77 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. ഭക്ഷ്യമേഖലയിലെ പണപ്പെരുപ്പം 4.67 ശതമാനമായി ഇടിഞ്ഞതാണ് നവംബറിൽ ശരാശരി പണപ്പെരുപ്പത്തിൽ കുറവുണ്ടാകാൻ കാരണം. ഒക്ടോബറിൽ ഭക്ഷ്യപണപ്പെരുപ്പം 7.01 ശതമാനമായിരുന്നു.
നവംബറിൽ കേരളത്തിലും തമിഴ്നാട്ടിലും പണപ്പെരുപ്പം 5.90 ശതമാനമായി. ഇന്ധനം, വസ്ത്രം, പാദരക്ഷ എന്നീ മേഖലകളിൽ ശരാശരിയേക്കാൾ ഉയർന്ന പണപ്പെരുപ്പം നവംബറിൽ അനുഭവപ്പെട്ടു.അതേസമയം, രാജ്യത്തെ വ്യവസായ ഉൽപ്പാദനം ഒക്ടോബറിൽ തൊട്ടു മുൻമാസത്തെ അപേക്ഷിച്ച് 4.4 ശതമാനം ചുരുങ്ങി. കഴിഞ്ഞവർഷം ഒക്ടോബറിനെ അപേക്ഷിച്ച് 5.4 ശതമാനമാണ് ചുരുക്കം.















