തിരുവനന്തപുരം
ഭൗമാന്തരീക്ഷത്തിലേക്ക് 40,000 കിലോമീറ്റർ വേഗത്തിലുള്ള ‘റീഎൻട്രി’യിൽ പുറംചട്ട ‘ഉരുകിത്തിള’ച്ചെങ്കിലും ഒറിയോൺ സുരക്ഷിതമായി പസഫിക്കിലിറങ്ങി. അന്തരീക്ഷവുമായുള്ള ഉരസലിൽ താപനില 2800 ഡിഗ്രി സെൽഷ്യസായതോടെ അൽപ്പനേരം ഭൂമിയുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. ഇത്രയധികം ചൂടിൽ പേടകം അന്തരീക്ഷത്തിലേക്ക് കടക്കുന്നത് ആദ്യമെന്നും നാസ. പ്രത്യേകം രൂപകൽപ്പന ചെയ്ത 1300 ടൈലാണ് ഒറിയോണിന് താപകവചമായത്. ദീർഘദൂര ബഹിരാകാശ ദൗത്യപേടകങ്ങളിൽ ഉപയോഗപ്പെടുത്താനുള്ള ശേഷിയും ഇവയ്ക്കുണ്ട്.
മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള നാസയുടെ ആർട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായിരുന്നു ഒറിയോൺ പരീക്ഷണപ്പറക്കൽ. 25 ദിവസത്തെ സങ്കീർണ യാത്രയ്ക്കൊടുവിൽ ഞായർ രാത്രി 11.10 നാണ് പേടകം കലിഫോർണിയക്കടുത്ത് കടലിൽ പതിച്ചത്. അവസാനത്തെ മനുഷ്യദൗത്യമായ അപ്പോളോ 17, ചന്ദ്രനിൽ ഇറങ്ങിയതിന്റെ അമ്പതാം വാർഷിക ദിനത്തിലായിരുന്നു ഇത്. രണ്ടു മണിക്കൂറിനുശേഷം അമേരിക്കൻ നാവികസേന, പേടകം പോർട്ട്ലാൻഡ് നാവികസേനാ കപ്പലിലെത്തിച്ചു. രണ്ടു ദിവസത്തിനുള്ളിൽ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെത്തിക്കും. തുടർന്ന് പേടകത്തെ ശാസ്ത്രീയ പഠനവിധേയമാക്കും.
നവംബർ 16ന് വിക്ഷേപിച്ച ഒറിയോൺ 22ന് ചന്ദ്രപഥത്തിലും ചന്ദ്രന്റെ 130 കിലോമീറ്റർ അടുത്തുവരെയുമെത്തി. സൂക്ഷ്മ വിവരങ്ങളും ആയിരക്കണക്കിന് ചിത്രങ്ങളും വീഡിയോകളും ഭൂമിയിലേക്ക് അയച്ചു. മനുഷ്യന് സുരക്ഷിതമായി ഇറങ്ങാൻ കഴിയുന്ന ദക്ഷിണ ധ്രുവമേഖലകളുടെ ഡാറ്റയാണ് പ്രധാനം. മനുഷ്യന് പകരം മൂന്ന് ഡമ്മിയെ ഉപയോഗിച്ചുള്ള ദൗത്യത്തിൽ നൂറുകണക്കിന് പരീക്ഷണങ്ങൾ നടത്തി. റേഡിയേഷൻ, ശബ്ദസംവിധാനം, ആശയവിനിമയം, നാവിഗേഷൻ എന്നിവയും സുരക്ഷാ സംവിധാന പരിശോധനകളും നടന്നു.
ഡിസംബർ ഒന്നിന് മടക്കയാത്ര തുടങ്ങിയ പേടകം അഞ്ചിന് ചന്ദ്രന്റെ ആകർഷണവലയം ഭേദിച്ച് പുറത്തെത്തി. ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് സർവീസ് മോഡ്യൂൾ വേർപെട്ടു. ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെയാണ് പസഫിക് സമുദ്രം ലക്ഷ്യമാക്കി അവസാനനിമിഷം പേടകം യാത്ര ചെയ്തത്. അവസാന പത്ത് മിനിറ്റിൽ പാരച്യൂട്ടുകൾ ഉപയോഗിച്ച് ഭൂമിയിലേക്കുള്ള വേഗം നിയന്ത്രിച്ചു.
ചന്ദ്രനിൽ കോളനികൾ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ആർട്ടിമിസ് ദൗത്യം. രണ്ടാം ദൗത്യത്തിൽ നാലുപേർ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി മടങ്ങും. മൂന്നാം ദൗത്യത്തിൽ ദക്ഷിണധ്രുവത്തിൽ ആളെ ഇറക്കും.















