ന്യൂഡൽഹി
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാകാത്തിനു പുറമെ ജയിച്ച എംഎൽഎമാർ ബിജെപിയിലേക്ക് പോകുന്ന റിപ്പോർട്ടുകളിൽ പകച്ച് ആം ആദ്മി പാർടി. ആം ആദ്മി പ്രതിനിധിയായി വിസാവദാർ മണ്ഡലത്തിൽനിന്ന് ജയിച്ച എംഎൽഎ ഭൂപത് ഭയാനിയാണ് ബിജെപിയിലേക്ക് കൂടുമാറാൻ ഒരുങ്ങുന്നത്. ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നെന്നും മോദിയാണ് തന്റെ പ്രചോദനമെന്നും പറഞ്ഞ ഭയാനി അന്തിമ തീരുമാനം മൂന്നുദിവസത്തിനകം കൈക്കൊള്ളുമെന്നും വ്യക്തമാക്കി. പാർടിക്കല്ല തനിക്കാണ് ജനം വോട്ട് ചെയ്തതെന്നും ഭയാനി പറഞ്ഞു.
മുമ്പ് ബിജെപി എംഎൽഎ ആയിരുന്ന അദ്ദേഹം അവഗണന ആരോപിച്ചാണ് എഎപിയിൽ ചേർന്നത്. ഭായനിക്കു പുറമെ മറ്റ് എഎപിയുടെ നാല് എംഎൽഎമാരും ബിജെപി നേതൃത്വവുമായി ബന്ധപ്പെടുന്നെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ദെദിയാപദയിൽനിന്ന് വിജയിച്ച ചൈതർ വാസവ, ജംജോധ്പുർ എംഎൽഎ ഹേമന്ത് ഖാവ, ബോട്ടാടിൽനിന്നുള്ള ഉമേഷ് മകവന, ഗരിയാധറിൽനിന്നുള്ള ഉദിർ വഘാനി എന്നിവരാണ് മറ്റ് എംഎൽഎമാർ.
ദിവസങ്ങൾക്കുള്ളിൽത്തന്നെ എംഎൽഎമാർ കൂറുമാറാൻ തയ്യാറെടുക്കുന്നത് എഎപിക്കും കെജ്രിവാളിനും തിരിച്ചടിയാണ്. ഇവർക്കു പുറമെ ബയാദ്, ധനേര, വഗോഡിയ മണ്ഡലങ്ങളിൽനിന്ന് സ്വതന്ത്രരായി വിജയിച്ചവരും ബിജെപിയെ പിന്തുണച്ചേക്കും. 182 അംഗ സഭയിൽ 156 സീറ്റ് ബിജെപി നേടിയിരുന്നു.
ഭൂപേന്ദ്ര പട്ടേലിന്റെ
സത്യപ്രതിജ്ഞ ഇന്ന്
ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഗാന്ധിനഗറിലെ ഹെലിപാഡ് മൈതാനിയിലെ പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ പി നദ്ദ, ബിജെപി ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. പകൽ രണ്ടിനാണ് സത്യപ്രതിജ്ഞ. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ 182ൽ 156 സീറ്റ് നേടി റെക്കോഡ് വിജയമാണ് ബിജെപി കൈവരിച്ചത്. പിന്നീട് ചേർന്ന നിയമസഭാ കക്ഷിയോഗം ഭൂപേന്ദ്ര പട്ടേലിനെ നേതാവായി തെരഞ്ഞെടുത്തു. ബിജെപി അധികാരത്തിൽ വന്നാൽ പട്ടേലാകും മുഖ്യമന്ത്രിയെന്ന് മോദിയും ഷായും പ്രചാരണ വേളയിൽ പ്രഖ്യാപിച്ചിരുന്നു. മന്ത്രിമാരുടെ കാര്യത്തിൽ ഇപ്പോഴും കൂടിയാലോചനകൾ തുടരുകയാണ്.