ന്യൂഡൽഹി
ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയായി സുഖ്വിന്ദർ സിങ് സുഖുവും ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്നിഹോത്രിയും സത്യപ്രതിജ്ഞ ചെയ്തു. ഷിംലയിലെ റിഡ്ജ് ഗ്രൗണ്ടിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി, വൈസ് പ്രസിഡന്റ് പ്രിയങ്ക ഗാന്ധി, കോൺഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, നേതാക്കളായ ആനന്ദ് ശർമ, സച്ചിൻ പൈലറ്റ്, ഭൂപീന്ദർ സിങ് ഹൂഡ, പിസിസി പ്രസിഡന്റ് പ്രതിഭ സിങ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കോൺഗ്രസ് ജനങ്ങൾക്ക് മുമ്പാകെ വച്ച പത്ത് വാഗ്ദാനം പാലിക്കുമെന്നും സർക്കാർ ജീവനക്കാർക്കായി പഴയപെൻഷൻ പദ്ധതി നടപ്പാക്കാൻ ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ തീരുമാനിക്കുമെന്നും സുഖു പറഞ്ഞു.
അതേസമയം സുഖുവിനെ മുഖ്യമന്ത്രിയാക്കിയതിൽ പ്രതിഭ സിങ് വിഭാഗം ഇപ്പോഴും അമർഷത്തിലാണ്. പ്രതിഭ സിങ്ങിന്റെ ഭർത്താവും മുൻമുഖ്യമന്ത്രിയുമായ വീരഭദ്ര സിങ്ങിന്റെ കടുത്ത എതിരാളിയായിരുന്നു സുഖു. പ്രതിഭ സിങ്ങിനെ അനുനയിപ്പിക്കുന്നതിനായി മകൻ വിക്രമാദിത്യ സിങ്ങിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് സൂചനയുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ പ്രതിഭ സിങ്ങിനെ രാഹുലും പ്രിയങ്കയും ആലിംഗനം ചെയ്ത് സ്വീകരിച്ചു. സുഖുവും സത്യപ്രതിജ്ഞയ്ക്ക് മുമ്പായി വീരഭദ്ര സിങ്ങിന്റെ വീട്ടിലെത്തി പ്രതിഭയെ കണ്ടു. മുകേഷ് അഗ്നിഹോത്രിയെ ഉപമുഖ്യമന്ത്രിയാക്കിയതും പ്രതിഭ സിങ് വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.