കൊച്ചി
സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്ക് അയോഗ്യതയുണ്ടെന്ന് കണ്ടെത്തിയാൽ അംഗത്വം നീക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് അധികാരമുണ്ടെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. അംഗത്വം നൽകുന്ന സമയത്തോ പിന്നീടോ അയോഗ്യത കണ്ടെത്തിയാൽ നീക്കാനാവും. അടാട്ട് ഫാർമേഴ്സ് ബാങ്ക് നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. ബാങ്കിലെ എൽഡിഎഫ് ഭരണസമിതി പിരിച്ചുവിട്ടശേഷം യുഡിഎഫ് ഭരണകാലത്ത് അനധികൃതമായി ചേർത്തിയ അംഗത്വം റദ്ദാക്കി.
2011 ഒക്ടോബറിലാണ് എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയെ കാരണങ്ങളില്ലാതെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ടത്. ഈ കാലയളവിൽ അഡ്മിനിസ്ട്രേറ്ററുടെ സഹായത്തോടെ 4464 പേരുകൾ അംഗത്വ രജിസ്റ്ററിൽ ക്രമവിരുദ്ധമായി കൂട്ടിച്ചേർത്തു. മിനുട്സിൽ തീരുമാനം ഇല്ലാതെയായിരുന്നു ഭൂരിഭാഗംപേരെയും കൂട്ടിച്ചേർത്തത്. പല അംഗങ്ങളുടെയും മരിച്ചവരുടെയും പേരുകൾ വെട്ടിമാറ്റി പകരം കൃത്രിമ അംഗങ്ങളെ ചേർത്താണ് വോട്ടർപട്ടിക തയ്യാറാക്കിയത്. തെരഞ്ഞെടുപ്പിൽ ഭരണം യുഡിഎഫ് കൈക്കലാക്കി. പിന്നീട് അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ യുഡിഎഫ് ഭരണസമിതി നടത്തിയ വൻ അഴിമതികളും ക്രമക്കേടുകളും കണ്ടെത്തി. തുടർന്ന് ജോയിന്റ് രജിസ്ട്രാർ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി. ക്രമവിരുദ്ധമായി ചേർത്ത 4464 പേരെ അംഗത്വ രജിസ്റ്ററിൽനിന്ന് നീക്കാനുള്ള നോട്ടീസ് പത്ര പരസ്യം വഴി നൽകിയിരുന്നു. ഇത് ക്രമപ്രകാരല്ലെന്നും അഡ്മിനിസ്ട്രേറ്റർക്ക് അതിന് അധികാരമില്ലെന്നും കാണിച്ച് അംഗത്വത്തിൽനിന്ന് നീക്കിയ രണ്ടുപേർ നൽകിയ ഹർജി സിംഗിൾ ബെഞ്ച് അനുവദിച്ചു. ഈ വിധിയാണ് ഡിവിഷൻ ബെഞ്ച് അസാധുവാക്കിയത്.
നോട്ടീസ് സാധുവാണോയെന്നത് ഓരോ കേസിന്റെയും സാഹചര്യം അനുസരിച്ചിരിക്കും. പരാതിക്കാർക്ക് കത്തു നൽകി, അവർക്ക് പറയാനുള്ളതു കേട്ട് നടപടി സ്വീകരിക്കുന്നതിന് അഡ്മിനിസ്ട്രേറ്റർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇവരുടെ കാര്യത്തിലുണ്ടാകുന്ന തീരുമാനം മറ്റുള്ളവരുടെ കാര്യത്തിൽ ബാധകമാവില്ലെന്നും കോടതി വിധിച്ചു. വോട്ടർപട്ടികയിലെ കൃത്രിമവും യുഡിഎഫ് നടത്തിയ കേസുകളും കാരണം അഞ്ചു വർഷമായി ബാങ്കിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഡിവിഷൻ ബെഞ്ച് വിധിയോടെ വോട്ടർ പട്ടികയിൽ തീരുമാനമായി.