തിരുവനന്തപുരം
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ തട്ടകമായ കണ്ണൂരിൽനിന്നുതന്നെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശം. ‘നേതാക്കളുടെ അമ്മാവൻ സിൻഡ്രോം’ മാറണമെന്ന് പരസ്യമായി കണ്ണൂരിലെ യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത് നേതൃത്വത്തെ ഞെട്ടിച്ചു. ഏക സിവിൽകോഡ്, ഗവർണർ വിഷയങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കാനാകാതെ ഒറ്റപ്പെടുന്നതിനിടെയാണ് പ്രമേയത്തിലൂടെയുള്ള യൂത്ത്കോൺഗ്രസിന്റെ വെല്ലുവിളി. ലീഗിന്റെ പിണക്കത്തിനൊപ്പം തരൂരിന്റെ നീക്കങ്ങളെയും ഭയന്നിരുന്ന നേതൃത്വത്തിനെ ഇത് കൂടുതൽ തളർത്തി.
ഏക സിവിൽകോഡ് ബില്ലിന് രാജ്യസഭയിൽ അവതരണാനുമതി തേടിയപ്പോൾ കോൺഗ്രസ് അംഗങ്ങളില്ലാതെ ഒറ്റയ്ക്കായിപ്പോയെന്ന് മുസ്ലിംലീഗ് അംഗമായ പി വി അബ്ദുൾവഹാബ് തുറന്ന് പറഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു കോൺഗ്രസ്. വിഷയം അവസാനിച്ചെന്ന് പറഞ്ഞ് ലീഗ് നേതൃത്വം തടിതപ്പാൻ ശ്രമിക്കുമ്പോഴും അടഞ്ഞ അധ്യായമല്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. ശക്തമായി എതിർക്കുന്നില്ലെങ്കിൽ പരസ്യമായി പ്രതികരിക്കാനുള്ള ലീഗ് തീരുമാനത്തിന്റെ ഭാഗമായാണ് വിഷയം നിസ്സാരമല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം തുറന്നടിച്ചത്. ഏക സിവിൽകോഡുമായി മുന്നോട്ട് പോകാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനോട് കോൺഗ്രസ് എന്ത് നിലപാട് സ്വീകരിക്കുമെന്ന് സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ലീഗ്.
ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കുന്നതിലും നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ നിലപാട് സ്വീകരിക്കാനും കോൺഗ്രസിനായില്ല. ഇതിലും ലീഗിന് അമർഷമുണ്ട്. മറ്റ് ഘടകകക്ഷികൾക്കും സമാനമായ അഭിപ്രായമുണ്ടെങ്കിലും തൽക്കാലം പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല. ഇതുൾപ്പെടെ പുതിയ വിഷയങ്ങൾ ഉടലെടുക്കുമ്പോൾ ഏകകണ്ഠമായി നിലപാട് സ്വീകരിക്കാൻ കോൺഗ്രസിനാകുന്നില്ല.
ശശി തരൂരിനെ തളയ്ക്കാനുള്ള ആയുധങ്ങൾ സുധാകരനും കൂട്ടരും തിരയുന്നതിനിടെയാണ് ഭ്രഷ്ട് കൽപ്പിച്ചാൽ അദ്ദേഹത്തിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്ന പ്രമേയം യൂത്ത് കോൺഗ്രസ് പാസാക്കിയത്. കണ്ണൂരിൽനിന്നുള്ള ഈ തിരിച്ചടി ‘അച്ചടക്കത്തിന്റെ വാളോങ്ങു’ന്ന സുധാകരന് ക്ഷീണമാകും. അതിനിടെ തരൂരും പരസ്യമായി തിരിച്ചടിക്കാനാരംഭിച്ചതും വെല്ലുവിളിയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താത്ത ഞാൻ തോൽവിയെക്കുറിച്ച് പറയുന്നത് ശരിയല്ലെന്ന തരൂരിന്റെ പ്രസ്താവന രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ടായിരുന്നു.
തരൂരിനെ പിന്തുണച്ച് പ്രമേയം
നേതാക്കളുടെ ‘അമ്മാവൻ
സിൻഡ്രോം’ മാറണം
കണ്ണൂർ
മാടായിപ്പാറയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് ജില്ലാ നേതൃക്യാമ്പിൽ ശശി തരൂരിനെ പിന്തുണച്ച് പ്രമേയം. ഭ്രഷ്ടുകൊണ്ട് തരൂരിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താൻപോരിമയുമാണെന്നും പ്രമേയത്തിൽ പറഞ്ഞു. പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവർ മാറ്റിനിർത്തപ്പെടുകയാണ്. നേതാക്കളുടെ ‘അമ്മാവൻ സിൻഡ്രോം’ മാറണമെന്നും പ്രമേയത്തിലുണ്ട്. കണ്ണൂരിൽ തരൂരിന് നൽകിയ സ്വീകരണത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയും ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസും പങ്കെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രമേയം.
ചർച്ചയും തീരുമാനങ്ങളും ഇല്ലാതെ
കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം
രാഷ്ട്രീയപ്രതിസന്ധിയിൽ ഉലയുമ്പോഴും അക്കാര്യം ചർച്ച ചെയ്യാതെ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം പേരിന്കൂടി പിരിഞ്ഞു. ശശി തരൂർ വിഷയം, ഏകീകൃത സിവിൽ കോഡിൽ മുസ്ലിംലീഗ് ഉന്നയിച്ച വിമർശം, ഗവർണർ വിഷയത്തിലെ കോൺഗ്രസ് നിലപാട് തുടങ്ങിയ വിഷയങ്ങൾക്കിടെ അഞ്ചുമാസത്തെ ഇടവേളയ്ക്കുശേഷം ചേർന്ന രാഷ്ട്രീയകാര്യസമിതി രണ്ടരമണിക്കൂർമാത്രമാണ് നീണ്ടത്. യോഗത്തിൽ രമേശ് ചെന്നിത്തല ഉൾപ്പെടെ പ്രധാന നേതാക്കൾ പങ്കെടുത്തില്ല.
രണ്ടാഴ്ചമുമ്പ് തിരുവനന്തപുരത്ത് ചേരാനിരുന്ന യോഗമാണിത്. കെപിസിസി പ്രസിഡന്റിന്റെ അസൗകര്യംമൂലം അന്ന് നടന്നില്ല. പ്രതിപക്ഷനേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും സൗകര്യത്തിന് രണ്ടുദിവസംമുമ്പ് വേദി കൊച്ചിയിലേക്ക് മാറ്റി. കെപിസിസി സെക്രട്ടറി എം ആർ അഭിലാഷിന്റെ മകളുടെ വിവാഹത്തിൽ നേതാക്കൾക്ക് പങ്കെടുക്കാനുള്ള സൗകര്യം പരിഗണിച്ചാണിത്. പകൽ 11.30നാണ് യോഗം തുടങ്ങിയത്. രണ്ടോടെ അവസാനിപ്പിച്ച് നേതാക്കൾ കല്യാണത്തിന് പുറപ്പെട്ടു.
കെ സുധാകരനും വി ഡി സതീശനുമെതിരെ യോഗത്തിൽ എ ഗ്രൂപ്പ് നേതാക്കളിൽനിന്ന് വിമർശമുണ്ടായി. എന്നാൽ ഗൗരവമുള്ള ചർച്ചയുണ്ടായില്ല. തരൂർവിഷയത്തിൽ സതീശന്റെ ഇടപെടലും സുധാകരന്റെ ആർഎസ്എസ് പ്രശംസയും വിമർശത്തിന് ഇടയാക്കി. ഗവർണർ വിഷയത്തിലും പ്രതിപക്ഷനേതാവിനെതിരെ വിമർശമുണ്ടായി. എന്നാൽ ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് എംപിമാരുടെ വീഴ്ചയെ വിമർശിച്ച ലീഗ് നിലപാടിൽ ചർച്ചയുണ്ടായില്ല. ലീഗിന്റെ വിമർശത്തെ സ്വാഗതം ചെയ്ത് തടിയൂരാനാണ് ശ്രമിച്ചത്. രാഷ്ട്രീയകാര്യസമിതി ചേരാത്തതിന്റെ എതിർപ്പ് ശമിപ്പിക്കാൻമാത്രമായിരുന്നു കൊച്ചിയിലെ യോഗമെന്ന് മുതിർന്ന നേതാക്കളിലൊരാൾ പ്രതികരിച്ചു. എല്ലാ മാസവും സമിതി ചേരുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. അഞ്ചുമാസത്തിനുശേഷം ചേർന്നപ്പോൾ ഇതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.