കൊൽക്കത്ത> കോച്ചിങ് സെന്ററിൽ പഠിക്കാത്ത കുട്ടിക്ക് നീറ്റ് പരീക്ഷയിൽ ഉന്നതവിജയം കിട്ടുമോ. സംവരണ വിഭാഗത്തിൽ 100 ശതമാനം മാർക്കുമായി ഒന്നാംറാങ്ക് നേടി എയിംസ് പ്രവേശനം ലഭിക്കുമോ. കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് പശ്ചിമ ബംഗാൾ ദുർഗാപൂർ സ്വദേശിനി സരസ്വതി രജക്. വെള്ളിയാഴ്ച ഡൽഹിയിലെ പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടിയാണ് ഈ മിടുക്കി ചരിത്രം തിരുത്തിയത്. ഗ്യാസ് ഓവൻ നന്നാക്കി അന്നന്നത്തെ വക കണ്ടെത്തുന്ന നിതായ് രാജക്കിന്റെയും മീനയുടെയും മകളാണ് സരസ്വതി. സിപിഐ എം പ്രവർത്തകൻ കൂടിയ നിതായിയുടെ ചെറിയ വരുമാനത്തിലാണ് സരസ്വതിയുടെയും സഹോദരൻ മിഥുനിന്റെയും പഠനം മുന്നോട്ടുപോയത്. ഈ കഷ്ടപ്പാട് തിരിച്ചറിഞ്ഞാണ് ട്യൂട്ടർമാരില്ലാതെ തന്നെ തന്റെ സ്വപ്നത്തിലേക്ക് നടന്നുകയാറാൻ അവൾ തീരുമാനിച്ചത്.
2021ലെ പരീക്ഷയിലും മികച്ച റാങ്ക് നേടിയിരുന്നു. എന്നാൽ, സ്വകാര്യ കോളേജിലേ പ്രവേശനം ലഭിക്കൂ എന്ന് വന്നതോടെ അത് ഉപേക്ഷിച്ചു. തുടർന്ന് ഇന്റർനെറ്റിലൂടെ പഠനം കൂടുതൽ ശക്തമാക്കി. ഒടുവിൽ വിജയവും.
പഠനത്തിനിടയിൽ സാമൂഹിക രാഷ്ട്രീയ പ്രവർത്തനത്തിലും സരസ്വതി സജീവമായിരുന്നു. മകളെ ട്യൂഷന് വിടാനും പുസ്തകങ്ങൾ വാങ്ങി നൽകാനും തനിക്കായില്ലെന്ന് അച്ഛൻ നിതായി പറഞ്ഞു. അതേസമയം, സരസ്വതിയുടെ പഠനത്തിനും ഹോസ്റ്റൽ ഫീസിനുമുള്ള ഫണ്ട് കണ്ടെത്തി നൽകുമെന്ന് സിപിഐ എം നേതാവ് പങ്കജ് റോയ് സർക്കാർ പറഞ്ഞു.