കോഴിക്കോട്
ഭരണഘടനാമൂല്യങ്ങളെ പൂർണമായും തച്ചുതകർത്ത് ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുള്ള ആർഎസ്എസ് അജൻഡ തീവ്രതയോടെ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ച ‘ഭരണഘടനക്കുനേരെ ഉയരുന്ന വെല്ലുവിളികൾ’ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഭരണത്തിലും ഭരണഘടന വെല്ലുവിളി നേരിട്ടിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ അത് കണ്ടതാണ്. എന്നാൽ, ഇന്ന് ഭരണഘടന പൂർണമായും ഇല്ലാതാക്കാനാണ് ശ്രമം. ഭരണഘടന വിഭാവനംചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഹിന്ദുത്വ ശക്തികളുടെ രാഷ്ട്രസങ്കൽപ്പത്തിന് വിരുദ്ധമാണ്. അതിനാൽ അടിസ്ഥാനശിലകളെ തച്ചുതകർക്കാനാണ് ശ്രമം.
അതിന് ഭരണഘടനാ സ്ഥാപനങ്ങളെത്തന്നെ ഉപയോഗപ്പെടുത്തുന്നു.
മതന്യൂനപക്ഷങ്ങൾക്കുനേരെ ബുൾഡോസർ രാഷ്ട്രീയം ഉപയോഗിക്കുകയാണ്. ലൗ ജിഹാദ് പോലുള്ള വാദങ്ങൾ ഉയർത്തി വേട്ടയാടുന്നു. വിചാരണപോലുമില്ലാതെ തടവിൽ പാർപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമം, കശ്മീർ വിഷയം എന്നിവ വർഷങ്ങളായി കോടതികളുടെ പരിഗണനയിലാണ്. അതിൽ വിധി പറയുന്നില്ല. ഇലക്ടറൽ ബോണ്ടുവഴി ബിജെപി കോടികൾ സമ്പാദിക്കുന്നു. ഇത് രാഷ്ട്രീയ അഴിമതിയാണ്. ഇത് തടയാൻ നീതിന്യായവ്യവസ്ഥ ഇടപെടുന്നില്ല. തെരഞ്ഞെടുപ്പ് കമീഷൻ പോലും അവരുടെ ഉപകരണമാവുന്നു.
പദവിയും പണവും ഉപയോഗിച്ച് ആരെയും വിലയ്ക്കുവാങ്ങാമെന്നാണ് ബിജെപി കരുതുന്നത്. അതിന് വഴങ്ങാത്തവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നിവ ഉപയോഗിച്ച് വേട്ടയാടുന്നു. തെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും ഞങ്ങൾ ഭരിക്കും എന്ന മുദ്രാവാക്യമാണ് ഉയർത്തുന്നത്.
മൃദുഹിന്ദുത്വംകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാനാവില്ല. ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷ ഉള്ളടക്കവും ഉയർത്തിപ്പിടിച്ചുവേണം അതിനെ നേരിടാൻ. അതിൽ കേരളമാണ് തിളങ്ങുന്ന മാതൃക. അത് രാജ്യത്തിന് വഴികാട്ടുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ അധ്യക്ഷനായി. എൽജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ സംസാരിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ സ്വാഗതം പറഞ്ഞു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി രാമകൃഷ്ണൻ എംഎൽഎ, മന്ത്രി എ കെ ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.