ന്യൂഡൽഹി
ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താമെന്ന കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചതായി റിപ്പോർട്ട്. ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചതായും ഫയൽ രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിയമനഉത്തരവിൽ രാഷ്ട്രപതി ഉടൻ ഒപ്പിടുമെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത അടുത്ത ആഴ്ചതന്നെ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നും സൂചനയുണ്ട്. സെപ്തംബർ 26നാണ് ജസ്റ്റിസ് ദീപാങ്കർ ദത്തയെ സുപ്രീംകോടതിയിലേക്ക് ഉയർത്താമെന്ന് കൊളീജിയം ശുപാർശ ചെയ്തത്. ശുപാർശ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുന്നത് വൻവിവാദമായിരുന്നു.
ജഡ്ജി നിയമനം സംബന്ധിച്ച് കേന്ദ്രസർക്കാരും സുപ്രീംകോടതിയും തമ്മിലുള്ള തർക്കം മുറുകുകയാണ്. ഈ സാഹചര്യത്തിലാണ്, നിയമനം അംഗീകരിക്കാൻ കേന്ദ്രസർക്കാർ ഒടുവിൽ തീരുമാനിച്ചിരിക്കുന്നത്.