ന്യൂഡൽഹി
ഡൽഹി കോർപറേഷന്റെ മേയർ, സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുകളിൽ കസേരകളിയുമായി എഎപിയും ബിജെപിയും രംഗത്ത്. കൗൺസിലർമാരെ എഎപി റാഞ്ചാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് ബിജെപി ആദ്യം രംഗത്തെത്തി. പത്ത് കൗൺസിലർമാരെ റാഞ്ചാൻ 100 കോടി ബിജെപി വാഗ്ദാനം ചെയ്തെന്ന് എഎപി തിരിച്ചടിച്ചു. 250 അംഗ കോർപറേഷനിൽ 134ൽ ജയിച്ച് എഎപി ഭരണം ബിജെപിയിൽനിന്ന് പിടിച്ചെടുത്തിരുന്നു. 104 സീറ്റിലാണ് ബിജെപി ജയിച്ചത്. ഒമ്പത് കോൺഗ്രസ് സ്ഥാനാർഥികളും നാല് സ്വതന്ത്രരും വിജയിച്ചു. കൗൺസിൽ യോഗം ചേരാൻ തീയതി ലഫ്. ഗവർണർ വി കെ സക്സേന ഇനിയും അംഗീകരിച്ചിട്ടില്ല.
കൂറുമാറ്റ നിയമം ബാധകമല്ല
ഡൽഹി കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ കൂറുമാറ്റം നിയമം ബാധകമല്ലാത്തതിനാൽ ക്രോസ് വോട്ടുണ്ടാകാമെന്ന ഭീഷണിയുണ്ട്.
രഹസ്യബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ്. ഇതിനുപുറമെ 14 എംഎൽഎമാരും ഏഴ് എംപിമാരും നാമനിർദേശം ചെയ്യപ്പെടുന്ന അംഗങ്ങളായുണ്ടാകും. 13 എംഎൽഎമാർ എഎപിയിൽ നിന്നാകും. ഏഴ് എംപിമാരാണ് ബിജെപിക്കുള്ളത്. കൗൺസിലർമാർ മറുകണ്ടം ചാടിയില്ലെങ്കിൽ എഎപിക്ക് മേയർ സ്ഥാനം ഉറപ്പാണ്. നയപരമായ തീരുമാനങ്ങൾക്കുള്ള അവകാശം സ്റ്റാൻഡിങ് കമ്മിറ്റികൾക്കാണ്.
അതേസമയം, വെള്ളിയാഴ്ച എഎപിയിൽ ചേർന്ന കക്ഷിനേതാവടക്കം മൂന്നുപേർ ഇരുട്ടിവെളുക്കും മുമ്പ് കോൺഗ്രസ് പാളയത്തിൽ തിരിച്ചത്തി. ഡൽഹി കോൺഗ്രസ് വൈസ് പ്രസിഡന്റ് അലി മെഹ്ദി, മുസ്തഫാബാദിൽ ജയിച്ച ഷബില ബീഗം, ബ്രിജ്പുരിയിൽ ജയിച്ച നാസിയ ഖാത്തൂൻ എന്നിവരാണ് എഎപിയിൽ ചേർന്നത്.