ധാക്ക
ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് വൻപ്രതിപക്ഷ പ്രക്ഷോഭം. പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ധാക്കയിൽ നടന്ന പ്രതിഷേധ റാലിയിൽ പതിനായിരങ്ങൾ അണിനിരന്നു. പ്രധാന പ്രതിപക്ഷ പാർടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടി (ബിഎൻപി)യുടെ നേതൃത്വത്തിൽ നടന്ന റാലിക്കിടെ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി. ഒരു പാർടി പ്രവർത്തകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇതിനിടെ ബിഎൻപിയുടെ ഏഴ് എംപിമാർ രാജി പ്രഖ്യാപിച്ചു. റാലിക്കുശേഷം നടന്ന പൊതുസമ്മേളന വേദിയിലാണ് രാജി പ്രഖ്യാപനം.
അടുത്ത വർഷം അവസാനമാണ് പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടത്. ജനജീവിതം ദുസ്സഹമായതിനാൽ പ്രധാനമന്ത്രി രാജിവച്ച് നേരത്തേ തെരഞ്ഞെടുപ്പ് വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ശനിയാഴ്ചത്തെ റാലി തടയാനായി ബിഎൻപി സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്ലാം ആലംഗീർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗം മിർസ അബ്ബാസ് എന്നിവരെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് പ്രവർത്തകരുടെ രോഷത്തിനിടയാക്കി. ഇന്ധനവില വർധനയും വിലക്കയറ്റവുംമൂലം വിവിധ തൊഴിൽമേഖലകളിലുള്ളവരും പ്രതിഷേധത്തിലാണ്.