ന്യൂഡൽഹി> അധികാരമോഹവും തമ്മിലടിയും അവസരവാദനയങ്ങളും കാരണം ക്ഷയിച്ചിട്ടും തെറ്റുകൾ തിരുത്താതെ കോൺഗ്രസ്. ഹിമാചൽപ്രദേശിൽ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി ഉണ്ടായ കലഹം കോൺഗ്രസിന്റെ പതനത്തിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഗുജറാത്തിലും ഡൽഹിയിലും തകർന്നടിഞ്ഞ കോൺഗ്രസിന് പിടിവള്ളി പോലെയാണ് ഹിമാചലിൽ ഭൂരിപക്ഷം ലഭിച്ചത്. ഫലം വന്നതിനു പിന്നാലെ പിസിസി പ്രസിഡന്റ് പ്രതിഭ സിങ്, മുൻ പിസിസി പ്രസിഡന്റ് സുഖ്വീന്ദർ സിങ് സുഖു, പ്രതിപക്ഷ നേതാവായിരുന്ന മുകേഷ് അഗ്നിഹോത്രി എന്നീ മൂന്ന് നേതാക്കൾ മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചു. ഇവരുടെ അനുയായികൾ തെരുവിലിറങ്ങുകയും ചെയ്തു.
സമീപകാലംമാത്രം എടുത്താൽ പഞ്ചാബ്, മധ്യപ്രദേശ്, അസം എന്നിവിടങ്ങളിൽ കോൺഗ്രസിന് ഭരണം നഷ്ടമാകാൻ ഇടയാക്കിയതിൽ നേതാക്കൾ തമ്മിലുള്ള പോരിന് വലിയ പങ്കുണ്ട്. പഞ്ചാബിൽ അമരീന്ദർസിങ്ങും നവ്ജ്യോത്സിദ്ദുവും മധ്യപ്രദേശിൽ കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും അസമിൽ തരുൺ ഗൊഗോയിയും ഹിമാന്ത ബിസ്വ സാർമയും തമ്മിലുമാണ് ഏറ്റുമുട്ടിയത്. ആ ഘട്ടത്തിലെല്ലാം ഹൈക്കമാൻഡ് നിഷ്ക്രിയത്വം തുടർന്നു. അമരീന്ദറും സിന്ധ്യയും സാർമയും ബിജെപിയിൽ ചേക്കേറി. കോൺഗ്രസ് ഭരണത്തിൽ തുടരുന്ന രാജസ്ഥാനിൽ അശോക് ഗെലോട്ട്–-സച്ചിൻ പൈലറ്റ് ഏറ്റുമുട്ടലും ഛത്തീസ്ഗഢിൽ ഭൂപേഷ് ബഗേൽ–- ടി എസ് സിങ്ദേവ് പോരും തുടരുകയാണ്.
ഹിമാചലിൽ 68 അംഗ നിയമസഭയിൽ കോൺഗ്രസ് 40 സീറ്റ് നേടിയെങ്കിലും തുടക്കത്തിലേ കലഹമുണ്ടായത് മുന്നോട്ടുപോക്കിനെ ബാധിക്കും.