ന്യൂഡൽഹി
പോക്സോ നിയമത്തിൽ കാലാനുസൃത മാറ്റം കൊണ്ടുവരാൻ കേന്ദ്രം തയ്യാറാകണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഈ നിയമപ്രകാരം 18 വയസ്സിന് താഴെയുള്ളവരുമായുള്ള ശാരീരിക ബന്ധങ്ങൾ എല്ലാം കുറ്റകരമാണ്. ഈ പ്രായപരിധി ചില കേസുകളിൽ നിയമപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് യാഥാർഥ്യമാണെന്നും പോക്സോ നിയമവുമായി ബന്ധപ്പെട്ട ദ്വിദിന ദേശീയ ചർച്ചയിൽ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.
18 വയസ്സിന് താഴെയുള്ളവർ പ്രണയത്തിലായി, ഉഭയസമ്മതത്തോടെ ശാരീരികബന്ധത്തിൽ ഏർപ്പെട്ടാൽ പോക്സോ നിയമപ്രകാരം കുറ്റകരമാകുമോയെന്ന നിയമപ്രശ്നം പല കോടതികളിലുമുണ്ട്.നിയമത്തിൽ കാലോചിതമായ ഭേദഗതി ആവശ്യമാണെന്ന് മദ്രാസ് ഹൈക്കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു.