കൊച്ചി
മലബാർ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിനുകീഴിലുള്ള കോളേജിന് അഫിലിയേഷൻ നൽകണമെന്ന ഉത്തരവ് കണ്ണൂർ സർവകലാശാല പാലിച്ചതിനാൽ സർവകലാശാല വിസി, രജിസ്ട്രാർ എന്നിവർക്കെതിരെയുള്ള കോടതിയലക്ഷ്യ കേസിലെ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. അഫിലിയേഷൻ നൽകാനുള്ള ഉത്തരവ് സർവകലാശാല പാലിച്ചെന്ന് ഹർജിക്കാരൻ വ്യക്തമാക്കിയതിനെ തുടർന്നാണിത്.
കോളേജിന് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ പരിഗണിച്ച സർക്കാർ അനുകൂലിച്ചിട്ടും സർവകലാശാല നടപടിയെടുക്കാത്തതിനെ തുടർന്ന് മാനേജിങ് ട്രസ്റ്റി വത്സൻ മഠത്തിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹർജി പരിഗണിച്ച കോടതി, കോളേജിന് അഫിലിയേഷൻ നൽകാൻ ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്ന് ഹർജിക്കാർ സർവകലാശാലാ രജിസ്ട്രാർ ഡോ. ജോബി കെ ജോസ്, വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ എന്നിവർക്കെതിരെ കോടതിയലക്ഷ്യഹർജി നൽകിയിരുന്നു.