ന്യൂഡൽഹി> തർക്കങ്ങൾക്കിടെ ഹിമാചൽപ്രദേശിൽ മുൻ പിസിസി പ്രസിഡന്റ് സുഖ്വീന്ദർ സിങ് സുഖു മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. നിലവിലെ പ്രതിപക്ഷനേതാവ് മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയാകും. ഈ വിവരം പുറത്തുവന്നതോടെ, മുഖ്യമന്ത്രിസ്ഥാനത്തിനായി കഴിഞ്ഞദിവസം അവകാശവാദം ഉന്നയിച്ച പ്രതിഭ സിങ്ങിനെ അനുകൂലിക്കുന്ന നൂറുകണക്കിനുപേർ ഷിംലയിൽ നിയമസഭ മന്ദിരത്തിനുമുന്നിൽ പ്രതിഷേധിച്ചു. ഇവിടെയാണ് പുതിയ എംഎൽഎമാരുടെ യോഗം വിളിച്ചത്. വൈകിട്ട് അഞ്ചിന് ചേരാൻ നിശ്ചയിച്ച യോഗം പ്രതിഷേധത്തെതുടർന്ന് വൈകി. ‘‘മുന്നോട്ട് വരൂ റാണി സാഹിബ്, ഞങ്ങൾ ഒപ്പമുണ്ട്’ എന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു.
ആറ് തവണ ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയായിരുന്ന, രാജാ സാഹിബ് എന്ന് അറിയപ്പെട്ടിരുന്ന, അന്തരിച്ച വീരഭദ്രസിങ്ങിന്റെ ഭാര്യയും പിസിസി പ്രസിഡന്റും മണ്ഡിയിൽനിന്നുള്ള ലോക്സഭാംഗവുമാണ് പ്രതിഭ സിങ്. 40 എംഎൽഎമാരിൽ 22 പേർ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് സുഖുവിന്റെ പേരാണ് പറഞ്ഞതെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ അവകാശപ്പെട്ടു. ഷിലയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തങ്ങിയാണ് എഐസിസി ജനറൽ സെക്രട്ടറി രാജീവ് ശുക്ലയും ഹൈക്കമാൻഡ് പ്രതിനിധികളായ ഭൂപേഷ് ബഗേലും ഭൂപീന്ദർസിങ് ഹൂഡയും എംഎൽഎമാരുമായി സംസാരിച്ചത്. സംസ്ഥാനത്ത് പ്രചാരണത്തിന് മേൽനോട്ടം വഹിച്ച എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പിന്തുണയും സുഖുവിന് ലഭിച്ചു. എംഎൽഎമാരിൽനിന്ന് തന്നെ മുഖ്യമന്ത്രിയെ നിശ്ചയിക്കണമെന്ന വ്യവസ്ഥ ഹൈക്കമാൻഡ് വച്ചത് പ്രതിഭ സിങ്ങിന് തിരിച്ചടിയായി. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച പകൽ 11ന് നടക്കും.
എൻഎസ്യു, യൂത്ത് കോൺഗ്രസ് നേതാവായിരുന്ന സുഖു(58) ഹമീർപുർ ജില്ലയിലെ നദ്വാനിൽനിന്ന് നാലാം തവണയാണ് നിയമസഭയിൽ എത്തുന്നത്. പിസിസി പ്രസിഡന്റായിരിക്കെ 2019ൽ ശക്തമായ വിഭാഗീയതയെ തുടർന്ന് തൽസ്ഥാനത്തുനിന്ന് നീക്കി. സംസ്ഥാനത്ത് കോൺഗ്രസിന്റെ മുഖമായിരുന്ന വീരഭദ്രസിങ്ങുമായി അസ്വാരസ്യത്തിലായിരുന്നു സുഖു. കഴിഞ്ഞവർഷം ജൂലൈയിൽ അന്തരിച്ച വീരഭന്ദ്രസിങ്ങിനോടുള്ള ആദരവാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ പ്രകടിപ്പിച്ചതെന്നും അക്കാര്യം വിസ്മരിക്കുന്നത് കോൺഗ്രസിന് വിനാശകരമാകുമെന്നും പ്രതിഭ സിങ് കഴിഞ്ഞദിവസം പറഞ്ഞു. ഇവരുടെ മകൻ വിക്രമാദിത്യസിങ്ങും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞദിവസം പിസിസിആസ്ഥാനത്തിന് മുന്നിലും പ്രതിഭ സിങ്ങിന്റെ അനുയായികൾ പ്രകടനം നടത്തി. ഹൈക്കമാൻഡ് പ്രതിനിധിയായ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേലിന്റെ വാഹനം തടഞ്ഞു. കോൺഗ്രസ് സംഘർഷഭരിതമായി തുടരുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്നും രോഷാകുലരായ അനുയായികളെ അനുനയിപ്പിക്കാൻ ശ്രമിക്കുമെന്നും പ്രതിഭ സിങ് പ്രതികരിച്ചു. സുഖു ഹൈക്കമാൻഡിന് നന്ദി പറഞ്ഞു.