ന്യൂഡൽഹി
എസ്എഫ്ഐ 17–-ാമത് അഖിലേന്ത്യ സമ്മേളനം 13 മുതൽ 16 വരെ ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാലയിൽ നടക്കും. ചൊവ്വാഴ്ച രാവിലെ റാലിയും പൊതുസമ്മേളനവും നടക്കും. മല്ലൂസ്വരാജ്യം നഗറിൽ പ്രഥമ അഖിലേന്ത്യ വൈസ് പ്രസിഡന്റും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. രണ്ടാം തവണയാണ് ഹൈദരാബാദ് സമ്മേളന വേദിയാകുന്നത്. വൈകിട്ട് അഭിമന്യു– -ധീരജ്–- അനീസ് ഖാൻ മഞ്ചിൽ സാമൂഹിക പ്രവർത്തകയും സംഘപരിവാർവിരുദ്ധ പോരാട്ടത്തിന്റെ മുൻനിര പോരാളിയുമായ ടീസ്ത സെതൽവാദും ജസ്റ്റിസ് ചന്ദ്രുവും ചേർന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. 25 സംസ്ഥാനത്തുനിന്ന് 720 പ്രതിനിധികൾ പങ്കെടുക്കും. യുകെ–- അയർലൻഡ് യൂണിറ്റ്, അഫിലിയേറ്റ് സംഘടനകളായ ജമ്മു കശ്മീർ സ്റ്റുഡൻഡ് യൂണിയൻ, ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ തുടങ്ങിയ സംഘടനകളിലുള്ളവരും പ്രതിനിധികളാകും. ക്യൂബ, പലസ്തീൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽനിന്നുള്ള വിദേശ പ്രതിനിധികളും സമ്മേളനത്തിനെത്തും. 13ന് ജനറൽ സെക്രട്ടറി കരട് റിപ്പോർട്ട് അവതരിപ്പിക്കും. 16ന് തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു, ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, ജോയിന്റ് സെക്രട്ടറിമാരായ ദീപ്സിത ധർ, ദിനീത് ദെണ്ഡ, എക്സിക്യൂട്ടീവ് അംഗം നിതീഷ് നാരായണൻ തുടങ്ങിയവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.