ദോഹ
ലൂയിസ് വാൻ ഗാലിന്റെ കണക്കുപുസ്തകത്തിൽ മറ്റൊരു തോൽവി കൂടിയെഴതി ചേർത്ത് അർജന്റീന. ഷൂട്ടൗട്ട് വരെ നീണ്ട ആവേശപ്പോരിൽ 4–-3ന് നെതർലൻഡ്സിനെ മറികടന്ന് അർജന്റീന ക്രൊയേഷ്യയുമായുള്ള സെമിക്ക് കളമൊരുക്കി. രണ്ട് തകർപ്പൻ രക്ഷപ്പെടുത്തലുകൾ നടത്തിയ ഗോൾകീപ്പർ എമിലിയാനോ മാർടിനെസാണ് അർജന്റീനയുടെ വിജയശിൽപ്പി. വിർജിൽ വാൻഡിക്കിന്റെയും സ്റ്റീവൻ ബെർഗുയിസിന്റെയും പെനൽറ്റികൾ മാർടിനെസ് തട്ടിയകറ്റി. ലയണൽ മെസി, ലിയാൻഡ്രോ പരദെസ്, ഗൊൺസാലോ മൊണ്ടെയെ്ൽ, ലൗതാരോ മാർടിനെസ് എന്നിവർ അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടു. എൺസോ ഫെർണാണണ്ടസിന് പിഴച്ചു. ടെയുൻ കൂപ്മെയ്നേഴ്സും വൂട്ട് വെഗോസ്റ്റും ലൂക് ഡി യോങ്ങും ഡച്ചുകാരുടെ പെനൽറ്റി ലക്ഷ്യത്തിലാക്കി.
2014 ലോകകപ്പ് സെമിയിൽ ലയണൽ മെസിയോടും കൂട്ടരോടും ഷൂട്ടൗട്ടിൽ വീണിരുന്നു നെതർലൻഡ്സ്. ഇത്തവണ കണക്കുതീർക്കുമെന്നായിരുന്നു കളിക്കുമുമ്പേ ഡച്ച് പരിശീലകൻ വാൻ ഗാലിന്റെ വെല്ലുവിളി. നിശ്ചിതസമയവും അധികസമയവും ഇരുടീമുകളും രണ്ട് ഗോളടിച്ച് സമനിലയിലായതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 83 മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നിലായിരുന്നു അർജന്റീന. കളിയുടെ അവസാന നിമിഷം വരെ 2–-1നും. എന്നാൽ എല്ലാം ഒറ്റനിമിഷത്തിൽ ചിന്നിചിതറി. 78–-ാം മിനിറ്റിൽ വൂട്ട് വെഗോസ്റ്റിനെ കളത്തിലിറക്കിയ വാൻ ഗാലിന്റെ തന്ത്രമാണ് അർജന്റീനയുടെ ഹൃദയം തകർത്തത്. ഇരട്ടഗോളുമായി ഈ മുപ്പതുകാരൻ നെതർലൻഡ്സിന് അവിശ്വസനീയ തിരിച്ചുവരവ് സമ്മാനിച്ചു. നഹുവേൽ മൊളീനയും പെനൽറ്റിയിലൂടെ ക്യാപ്റ്റൻ ലയണൽ മെസിയുമാണ് അർജന്റീനയുടെ ഗോളുകൾ കുറിച്ചത്.
image credit FIFA WORLD CUP twitter
പലപ്പോഴും കൈയാങ്കളിയിലേക്ക് നീങ്ങിയ മത്സരത്തിൽ ആകെ 15 മഞ്ഞ കാർഡുകളാണ് റഫറി വീശിയത്. കളിഗതിക്ക് തീർത്തും എതിരായിട്ടായിരുന്നു അർജന്റീനയുടെ ഗോളെത്തിയത്. വലതുമൂലയിൽ മൊളീന തുടങ്ങിവച്ച നീക്കം. ഡാലി ബ്ലിൻഡിനെയും മറികടന്ന് ഇരുപത്തിനാലുകാരൻ പന്ത് മെസിയിലേക്ക് നീട്ടികൊടുത്തു. കൊടുങ്കാറ്റിന്റെ വേഗത്തിലായിരുന്നു അർജന്റീന ക്യാപ്റ്റന്റെ നീക്കം. ഡച്ച് പ്രതിരോധത്തെ പിന്നിലാക്കി ഓടിയെത്തിയ മൊളീനയ്ക്ക് തന്നെ പന്ത് മറിച്ചുനൽകി. അർജന്റീന കുപ്പായത്തിൽ മൊളീനയുടെ കന്നിഗോൾ.
ഇടവേടളയ്ക്ക് ശേഷമായിരുന്നു രണ്ടാം ഗോൾ. ബോക്സിൽ ഡെൻസൽ ഡംഫ്രിസ് അക്യൂനയെ വീഴ്ത്തി. വാറിൽ പെനൽറ്റിയാണെന്ന് ഉറപ്പായതോടെ മെസിയെത്തി. നൊപ്പെറിന് പിടികൊടുക്കാതെയുള്ള കിക്ക്. അർജന്റീന 2 നെതർലൻഡ്സ് 0.
image credit FIFA WORLD CUP twitter
ഡിപെയ്ക്ക് പകരം വെഗോസ്റ്റ് എത്തിയതാേടെ നെതർലൻഡ്സ് അതുവരെയുള്ള കളി മറന്നു. പെട്ടെന്നായിരുന്നു മാറ്റം. എങ്ങനെയെങ്കിലും തിരിച്ചടിക്കണമെന്ന ഉറപ്പോടെ സർവതും മറന്നവർ മുന്നേറി. 83–-ാം മിനിറ്റിൽ ബെർഗുയിസിന്റെ ക്രോസിൽ ഉജ്വല ഹെഡ്ഡറിലൂടെ വെഗോസ്റ്റ് ലക്ഷ്യം കണ്ടു. ഒന്നടിച്ചതോടെ കൂടുതൽ ഊർജമായി. ബെർഗുയിസിന്റെ മിന്നുംഷോട്ട് ഗോൾവലയ്ക്ക് മുകളിൽ തട്ടിത്തെറിച്ചു. പത്ത് മിനിറ്റായിരുന്നു പരിക്കുസമയം അനുവദിച്ചത്. അവസാന വിസിലൂതാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ജെർമൻ പസെല്ല ബോക്സിന് മുന്നിൽ വെഗോസ്റ്റിനെ വീഴ്ത്തി. ഫ്രീകിക്ക്. അർജന്റീനയുടെ തലവര മാറ്റിയ ഫ്രീകിക്ക്. കൂപ്മെയ്നേഴ്സ് നിലംപറ്റെയെടുത്ത കിക്ക് പ്രതിരോധക്കാർക്കിടയിലൂടെ വെഗോസ്റ്റിന്റെ മുന്നിലേക്ക്. ലുസെയ്ൽ സ്റ്റേഡിയത്തെ നിശബ്ദരാക്കി ഡച്ചുകാരുടെ ആഘോഷം. അധികസമയത്ത് എൺസോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതോടെ കളി ഷൂട്ടൗട്ടിലേക്ക്.