തിരുവനന്തപുരം
ലഹരിക്ക് അടിമയായവരുടെ അക്രമങ്ങളും സ്ത്രീപീഡനങ്ങളും ഉയർത്തുന്ന ആശങ്ക ചർച്ച ചെയ്യാനെന്ന പേരിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് ഇത്തരം മാഫിയയെ സഹായിക്കുന്നതായെന്ന് ആക്ഷേപം. പ്രമേയ അവതരണത്തിന് അനുമതിതേടിയ മാത്യു കുഴൽനാടൻ രണ്ടുസംഭവം മാത്രമെടുത്ത് സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് നോക്കിയത്. രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടാനാകുന്ന ഒട്ടേറെ പ്രതികളുടെ പട്ടിക കൈയിലുണ്ടെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷും തുറന്നടിച്ചു. ഐക്യത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കാൻ ആഗ്രഹിക്കാത്തതിനാൽ വായിക്കുന്നില്ലെന്നും അറിയിച്ചു. മാഫിയകൾക്ക് സഹായമാകുന്ന നിലപാട് തിരുത്താൻ പ്രതിപക്ഷ നേതാവടക്കം തയ്യാറായില്ല.
ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച ജനകീയ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനംമുതൽ സ്കൂൾതലംവരെ നിരീക്ഷണ സമിതികളായി. ജനങ്ങളാകെ ധൈര്യത്തോടെ വിവരങ്ങൾ കൈമാറിത്തുടങ്ങി. ഗാന്ധിജയന്തി ദിനംമുതൽ 805 കേസെടുത്തു. 798 പേർ ജയിലിലായി. 60 വാഹനം കണ്ടെടുത്തു. സ്ഥിരം കുറ്റവാളികളായ 153 പേരെ കരുതൽ തടങ്കലിലാക്കി. ലഹരിവ്യാപനം കണ്ടെത്തിയ 263 വിദ്യാലയപരിസരത്ത് നിരീക്ഷണം ശക്തമാക്കി. ജില്ലകളിലെല്ലാം ഡീഅഡിക്ഷൻ കേന്ദ്രം തുടങ്ങി. മൂന്ന് മേഖലയിലായി ടെലിഫോണിക് കൗൺസലിങ് സൗകര്യമായി. 140 എക്സൈസ് ഉദ്യോഗസ്ഥർക്ക് ബംഗളൂരു നിംഹാൻസിന്റെ പ്രത്യേക പരിശീലനം നൽകി കൗൺസലിങ്ങിന് നിയോഗിച്ചു. എന്നാൽ, ഇത്തരം നടപടികളെല്ലാം തമസ്കരിക്കാനാണ് സഭയിൽ പ്രതിപക്ഷം ശ്രമിച്ചത്. തുടർന്നും സഭാനടപടികൾ പൂർത്തിയാക്കാൻ അനുവദിച്ചില്ല.