ന്യൂഡൽഹി
പുതിയ വിദ്യാഭ്യാസനയത്തിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്ന ‘എഡ്യൂക്കേഷൻ ഓർ എക്സ്ക്ലൂഷൻ ? ദ പ്ലൈറ്റ് ഓഫ് ഇന്ത്യൻ സ്റ്റുഡന്റ്സ്’ പുസ്തകം ഡൽഹിയിലെ എസ്എഫ്ഐ ആസ്ഥാനത്ത് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രകാശിപ്പിച്ചു. ചരിത്രപഠനത്തെ കേവലം ഹിന്ദുമിത്തുകളെ സംബന്ധിച്ച ചരിത്രമാക്കാനും തത്വചിന്തയെ ഹൈന്ദവ തത്വചിന്തയാക്കാനുമാണ് ശ്രമം നടക്കുന്നതെന്ന് യെച്ചുരി പറഞ്ഞു. ഒരേസമയം സ്വകാര്യവൽക്കരണത്തിനും കാവിവൽക്കരണത്തിനുമാണ് പുതിയ വിദ്യാഭ്യാസനയമെന്ന് പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വിമർശിച്ചു. പൊളിറ്റ്ബ്യൂറോ അംഗം നിലോത്പൽ ബസുവും പങ്കെടുത്തു.
എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു, ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, നിതീഷ് നാരായണൻ, ദീപ്സിത ധർ, ബിക്രംസിങ്, അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻമൊള്ള, ലെഫ്റ്റ്വേർഡ് ബുക്ക് മാനേജിങ് എഡിറ്റർ സുധൻവ ദേശ്പാണ്ഡെ തുടങ്ങിയവർ സംസാരിച്ചു.
എസ്എഫ്ഐ മുഖമാസിക സ്റ്റുഡന്റ് സ്ട്രഗിൾ, ഗവേഷണ പ്രസിദ്ധീകരണം ഇന്ത്യൻ റിസർച്ചർ, ലെഫ്റ്റ് വേഡ് ബുക്സ് എന്നിവ സംയുക്തമായാണ് പുസ്തകം പുറത്തിറക്കിയത്. സ്റ്റുഡന്റ് സ്ട്രഗിൾ എഡിറ്റർ നിതീഷ് നാരായണൻ, ഇന്ത്യൻ റിസർച്ചർ എഡിറ്റർ ദീപ്സിത ധർ എന്നിവരാണ് എഡിറ്റർമാർ. ലെഫ്റ്റ്വേർഡ് ബുക്കിന്റെ വെബ്സൈറ്റിൽനിന്ന് പുസ്തകം വാങ്ങാം.