ലിമ
പെറുവിൽ അട്ടിമറിയിലൂടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയ ഇടതുപക്ഷ ഫ്രീ പെറു പാർടി നേതാവ് പെദ്രോ കാസ്തിയ്യോയെ ജയിലിലടച്ചു. ഏഴു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ലിമയിലെ ജയിലിലാണ് അടച്ചത്. പെദ്രോ കാസ്തിയ്യോ മെക്സിക്കോയോട് രാഷ്ട്രീയ അഭയം അഭ്യര്‍ഥിച്ചു. കാസ്തിയ്യോയുടെ അഭ്യർഥന മെക്സിക്കൻ എംബസിയിൽ ലഭിച്ചതായി വിദേശമന്ത്രി മാർസലോ എബ്രാദ് സ്ഥിരീകരിച്ചു. അഭ്യർഥനയുടെ അടിസ്ഥാനത്തിൽ പെറുവുമായി നയതന്ത്രചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.
കാസ്തിയ്യോയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ പെറുവിൽ വ്യാപക പ്രതിഷേധമുയർന്നു. പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നും ഭരണഘടനാ അസംബ്ലി വിളിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധ മാർച്ചുകൾക്കുനേരെ പൊലീസ് വെടിവയ്പും ലാത്തിച്ചാർജും നടന്നു. ലിമയിൽ പൊലീസ് നടപടിയിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. വലതുപക്ഷത്തിന് ആധിപത്യമുള്ള പാർലമെന്റ് ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പിലൂടെ വിജയിച്ച് പ്രസിഡന്റായ കാസ്തിയ്യോയെ നീക്കിയത്. വൈസ് പ്രസിഡന്റ് ദിന ബൊലുവാർട്ടാണ് പുതിയ പ്രസിഡന്റ്.