ന്യൂഡൽഹി
ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയത്തിലെ ഓരോ അംഗവും എന്തെല്ലാം പറഞ്ഞെന്നത് പരസ്യപ്പെടുത്തേണ്ടതില്ലെന്നും അന്തിമതീരുമാനം മാത്രമേ പരസ്യപ്പെടുത്തേണ്ടതുള്ളൂവെന്നും ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കൊളീജിയം യോഗത്തിന്റെ വിശദാംശം വിവരാവകാശ നിയമപ്രകാരം അനുവദിക്കണമെന്ന ഹർജി തള്ളിയാണ് ജസ്റ്റിസ് സി ടി രവികുമാർകൂടി അംഗമായ ബെഞ്ചിന്റെ നിരീക്ഷണം.
2018 ഡിസംബർ 12ലെ കൊളീജിയം യോഗത്തിന്റെ വിശദാംശംതേടിവിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജാണ് സുപ്രീംകോടതിയെ സമീപിച്ചത്. അന്ന് കൊളീജിയം അംഗമായിരുന്ന മദൻ ബി ലോക്കൂർ വിരമിച്ചശേഷം നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഹർജി. 2018ലെ യോഗത്തിൽ, രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതിയിലേക്ക് ഉയർത്താൻ തീരുമാനിച്ചെന്നായിരുന്നു വെളിപ്പെടുത്തൽ.
എന്നാൽ, വിരമിച്ചശേഷം തീരുമാനം മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. 2019 ജനുവരി 10ന് ചേർന്ന കൊളീജിയം യോഗത്തിലാണ് നിയമന തീരുമാനം എടുത്തതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. അന്തിമതീരുമാനം എടുത്തശേഷം കൊളീജിയം അംഗങ്ങളായ എല്ലാ ജഡ്ജിമാരും ഒപ്പിട്ട പ്രമേയം പുറത്തിറക്കും. അതാണ് പൊതുമധ്യത്തിൽ എത്തുന്നതെന്നും സുപ്രീംകോടതി വിശദീകരിച്ചു.