ന്യൂഡൽഹി
പ്രളയകാലത്ത് കേരളത്തിന് നൽകിയ അരിയുടെ വില കേന്ദ്രം വാങ്ങിയതിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
ഇത്തരം സഹായങ്ങൾക്ക് പണം ഈടാക്കാറുണ്ടെന്ന കേന്ദ്രവാദം തള്ളിയ യെച്ചൂരി നടപടി മനുഷ്യത്വവിരുദ്ധമെന്ന് വിശേഷിപ്പിച്ചു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സംസ്ഥാനങ്ങൾക്ക് മനുഷ്യത്വം മുൻനിർത്തി കേന്ദ്രം സഹായം നൽകുന്നത് കീഴ്വഴക്കമാണ്. അതിന് പണം ഈടാക്കാറില്ല.
ഉയർന്ന ജിഎസ്ടി വരുമാനമുണ്ടെന്ന് അവകാശപ്പെടുന്ന കേന്ദ്രസർക്കാർ നേരത്തേതന്നെ സാമ്പത്തിക ഫെഡറലിസമെന്ന തത്വത്തിൽനിന്നുപോലും മാറ്റിനിർത്തുന്ന കേരളത്തിൽനിന്ന് പണംവാങ്ങിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.