ന്യൂഡൽഹി
ഹിമാചൽപ്രദേശിൽ മുഖ്യമന്ത്രിസ്ഥാനത്തിനായി കോൺഗ്രസിൽ തമ്മിലടി പൊട്ടി. പിസിസി പ്രസിഡന്റും മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭ സിങ്, മുൻ പിസിസി പ്രസിഡന്റ് സുഖ്വീന്ദർ സിങ് സുഖു, പ്രതിപക്ഷ നേതാവായിരുന്ന മുകേഷ് അഗ്നിഹോത്രി എന്നിവർ മുഖ്യമന്ത്രിസ്ഥാനത്തിന് ചേരിതിരിഞ്ഞ് പൊരുതുന്നു. തർക്കം രൂക്ഷമായതോടെ പകൽ ചേരാനിരുന്ന നിയമസഭാകക്ഷി യോഗം രണ്ടുവട്ടം മാറ്റി. പകൽ 12നാണ് നിയമസഭാകക്ഷി യോഗം ആദ്യം തീരുമാനിച്ചിരുന്നത്. തർക്കം കാരണം മൂന്നിലേക്കും പിന്നീട് രാത്രി എട്ടിലേക്കും മാറ്റി. അതിനിടെ നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാൻ ഷിംലയിലെത്തിയ ഹൈക്കമാൻഡ് നിരീക്ഷകസംഘം, തീരുമാനം വൈകിയേക്കുമെന്നതിനാൽ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് സാവകാശം തേടി.
പ്രതിഭ സിങ്ങനായി അനുയായികൾ ഷിംലയിൽ പരസ്യമായി തെരുവിലിറങ്ങി. ഗവർണറെ കാണാനിറങ്ങിയ നിരീക്ഷകസംഘത്തിന്റെ വാഹനങ്ങളുൾപ്പെടെ തടഞ്ഞ് പ്രതിഭയ്ക്കായി മുദ്രാവാക്യം മുഴക്കി. പിന്നീട് പാർടി ഓഫീസിനു മുന്നിലും അണികൾ കൂട്ടംകൂടി മുദ്രാവാക്യം മുഴക്കി. തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് നിരീക്ഷകരായി എത്തിയ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, എഐസിസി ഇൻചാർജ് രാജീവ് ശുക്ല എന്നിവരോട് പ്രതിഭ ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിസ്ഥാനത്തിന് പ്രതിഭ സിങ് വാശിയോടെ നിൽക്കുന്നത് നിരീക്ഷകരെ കുഴക്കി. കൂടുതൽ എംഎൽഎമാരുടെ പിന്തുണ സുഖുവിനാണ്; 21 പേർ. 15 പേരാണ് പ്രതിഭയ്ക്കൊപ്പം. ഇവരിൽ ആരെ പിണക്കിയാലും ബിജെപിയിലേക്ക് പോകുമോയെന്ന ആശങ്കയാണ് കേന്ദ്രനേതൃത്വത്തിന്. തർക്കമുള്ളതിനാൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയുള്ള പ്രമേയം നിയമസഭാ കക്ഷിയോഗത്തിൽ അവതരിപ്പിക്കാനാണ് ഹൈക്കമാൻഡ് നീക്കം.