ന്യൂഡൽഹി
ഏക സിവിൽകോഡ് സ്വകാര്യബില്ലായി ബിജെപി രാജ്യസഭയിൽ എത്തിച്ചപ്പോള് എതിര്പ്പുന്നയിക്കാതെ വിട്ടുനിന്ന് കോണ്‍ഗ്രസ്. പ്രമുഖ അഭിഭാഷകനിരയുള്ള കോണ്‍ഗ്രസിന്റെ ഒറ്റയംഗംപോലും ബില്ലവതരിപ്പിച്ചപ്പോൾ സഭയില് ഉണ്ടായിരുന്നില്ല. ബില് അവതരണ നോട്ടീസ് വോട്ടിനിട്ടപ്പോഴാകട്ടെ 31 കോൺഗ്രസ് അംഗങ്ങളിൽ സഭയില് എത്തിയത് വെറും മൂന്നുപേർ. 28 പേരും ബില്ലിനെ പരോക്ഷമായി പിന്തുണച്ച് വിട്ടുനിന്നു.
ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർടികളുടെ ശക്തമായ എതിർപ്പിനിടെ രാജസ്ഥാനിൽനിന്നുള്ള ബിജെപി അംഗം കിരോദി ലാൽ മീണയാണ് ഏകീകൃത പൗരനിയമത്തിനായി ദേശീയസമിതി രൂപീകരിക്കാൻ വ്യവസ്ഥ ചെയ്തുള്ള സ്വകാര്യബിൽ അവതരിപ്പിച്ചത്. ബില്ലവതരണത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ അംഗങ്ങൾ ചട്ടം 67 പ്രകാരം നൽകിയ നോട്ടീസ് 23നെതിരെ 63 വോട്ടിന് സഭ തള്ളി. സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീം, ഉപനേതാവ് ബികാഷ് രഞ്ജൻ ഭട്ടാചാര്യ, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ എ റഹിം എന്നിവരാണ് ബില്ലവതരണത്തെ എതിർത്ത് നോട്ടീസ് നൽകിയത്. മുന്കൂര് അറിയിപ്പ് നല്കി എത്തിച്ച ബില് അവതരിപ്പിക്കുന്നത് എതിര്ത്ത് നോട്ടീസ് നൽകാന്പോലും കോൺഗ്രസ് താൽപ്പര്യപ്പെട്ടില്ല.
രാജ്യത്തെ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന ബില്ലിനെതിരായ കോണ്‍ഗ്രസിന്റെ തണുപ്പന് പ്രതികരണം യുഡിഎഫ് ഘടകക്ഷിയായ മുസ്ലിംലീഗിനെ ചൊടിപ്പിച്ചു. വിവാദ ബിൽ സഭയിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസിന്റെ ഒരംഗംപോലും ഉണ്ടായില്ലെന്നും കോൺഗ്രസിന്റെ അസാന്നിധ്യം വേദനിപ്പിച്ചെന്നും മുസ്ലിംലീഗ് എം പി പി വി അബ്ദുൾവഹാബ് സഭയില് തുറന്നടിച്ചു. ഇക്കാര്യം ചാനല്വാര്ത്തയായതോടെയാണ് ജെബി മേത്തർ, ഇമ്രാൻ പ്രതാപ്ഗഡി, എൽ ഹനുമന്തയ്യ എന്നീ കോൺഗ്രസ് അംഗങ്ങൾ സഭയിലെത്താന് തയ്യാറായത്. ബില്ലവതരണത്തിനെതിരെ ഇടതുപക്ഷം നല്കിയ നോട്ടീസില് ചര്ച്ച നീണ്ടതിനാലാണ് ഇവര്ക്ക് പേരിനെങ്കിലും സഭയില് പ്രതിഷേധം രേഖപ്പെടുത്താനായത്.
സംഘപരിവാർ അജൻഡ ഒന്നൊന്നായി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്ന് ബില്ലവതരണത്തെ എതിർത്ത് എളമരം കരീം പറഞ്ഞു. ഇത് രാജ്യത്ത് ഭിന്നത സൃഷ്ടിക്കും. രാജ്യം കത്തുന്ന സ്ഥിതിയുണ്ടാകും. ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണ്. എല്ലാവർക്കും സംരക്ഷണം ഉറപ്പാക്കുന്ന ഭരണഘടനാ സംവിധാനമാണ് രാജ്യത്തുള്ളത്. സ്വത്തുനിയന്ത്രണം, തൊഴിലാളികൾക്ക് മാന്യമായ വേതനം തുടങ്ങി മറ്റ് പല നിർദേശതത്വങ്ങളും ഭരണഘടനയിലുണ്ട്. അതൊന്നും നടപ്പാക്കാൻ സംഘപരിവാർ താൽപ്പര്യപ്പെടുന്നില്ല. ഇതിപ്പോൾ അജൻഡ അടിച്ചേൽപ്പിക്കലാണ്. പിൻവലിക്കണം–- എളമരം കരീം ആവശ്യപ്പെട്ടു. വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ എ റഹിം തുടങ്ങിയവരും ബില്ലിനെതിരെ സംസാരിച്ചു.