ക്രൊയേഷ്യയുടെ മനക്കരുത്തിനുമുന്നിൽ ബ്രസീലിന് വഴികളുണ്ടായില്ല. സാംബാതാളം നിലച്ചു. ലോകകപ്പ് സെമി കാണാതെ നെയ്മറും സംഘവും മടങ്ങി. ഷൂട്ടൗട്ടുവരെനീണ്ട കളിയിൽ 4–-2നാണ് ക്രൊയേഷ്യയുടെ ജയം. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോൾവീതം നേടി പിരിയുകയായിരുന്നു. അധികസമയത്ത് നെയ്മറുടെ മനോഹരഗോളിൽ ബ്രസീൽ ലീഡ് നേടി. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ ബ്രൂണോ പെട്കോവിച്ച് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു.
ഷൂട്ടൗട്ടിൽ ക്രൊയേഷ്യയുടെ ആദ്യ നാല് കിക്കും ലക്ഷ്യത്തിലെത്തി. ബ്രസീലിന്റെ റോഡ്രിഗോയുടെ അടി ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ച് തടഞ്ഞു. മാർക്വിനോസിന്റെ അടി പോസ്റ്റിൽ തട്ടിത്തെറിച്ചു.
ആദ്യപകുതിയിൽ ബ്രസീലിന് ക്രൊയേഷ്യയുടെ കൃത്യതയുള്ള കളിക്കുമുന്നിൽ ഉത്തരമുണ്ടായില്ല. പന്ത് നിയന്ത്രണത്തിൽ മുന്നിലുണ്ടായെങ്കിലും ബ്രസീലിനെക്കാൾ നേരിട്ടുള്ള ആക്രമണം നടത്തിയത് ക്രൊയേഷ്യയായിരുന്നു. തുടക്കത്തിൽ രണ്ട് മിസ്പാസുകൾകൊണ്ട് വിളറിയെങ്കിലും ലൂക്കാ മോഡ്രിച്ചായിരുന്നു ക്രൊയേഷ്യയുടെ ആസൂത്രകൻ.
image credit FIFA WORLD CUP twitter
ആദ്യത്തെ അവസരം വന്നത് ക്രൊയേഷ്യയ്ക്കായിരുന്നു. ഡാനിലോയുടെ പ്രതിരോധം മറികടന്ന് മുന്നേറിയ മരിയോ പസാലിന്റെ വലതുമൂലയിൽനിന്നുള്ള ക്രോസ് അപകടകരമായി ബ്രസീൽ ഗോൾമുഖത്തേക്കുയർന്നു. ആദ്യം ജോസിപ് യുറാനോവിച്ചും പിന്നെ ഇവാൻ പെരിസിച്ചും അതിൽ കാൽക്കൊരുക്കാൻ നോക്കിയെങ്കിലും പന്ത് തൊട്ടില്ല. വലിയൊരു അപകടം ഒഴിവായ ആശ്വാസത്തിൽ ബ്രസീൽ പ്രത്യാക്രമണത്തിലേക്ക് നീങ്ങി. എന്നാൽ, യോസ്കോ ഗ്വാർഡിയോളും ദെയാൻ ലോവ്റെനും ഉൾപ്പെട്ട ക്രൊയേഷ്യൻ പ്രതിരോധം ബ്രസീൽ മുന്നേറ്റനിരയ്ക്ക് തലവേദനയുണ്ടാക്കി. ഒരുതവണ വിനീഷ്യസ് അടിതൊടുത്തെങ്കിലും ഡൊമിനിക് ലിവാകോവിച്ചിന്റെ കൈയിലൊതുങ്ങി. പ്രതിരോധത്തെ വെട്ടിച്ചുമുന്നേറിയ നെയ്മർക്കും ലിവാകോവിച്ചിനെ കാര്യമായി പരീക്ഷിക്കാനായില്ല. മറ്റിയോ കൊവാസിച്ച്, മാർസെലൊ ബ്രൊസോവിച്ച്, മോഡ്രിച്ച് എന്നിവരടങ്ങിയ ക്രൊയേഷ്യൻ മധ്യനിര മികച്ച പ്രകടനമായിരുന്നു ആദ്യപകുതിയിൽ പുറത്തെടുത്തത്. 102 പാസുകൾ മൂവരും പായിച്ചു.
ഇടവേളയ്ക്കുശേഷമുള്ള ആദ്യ നിമിഷങ്ങളിൽത്തന്നെ ബ്രസീലിന്റെ മനോഹരനീക്കങ്ങൾ കണ്ടു. ക്രൊയേഷ്യൻ പ്രതിരോധത്തെ ചിതറിച്ചുകൊണ്ടുള്ള മുന്നേറ്റം. ആദ്യത്തേത് ലിവാകോവിച്ച് തടഞ്ഞു. നെയ്മർക്ക് പന്ത്. ഇക്കുറി ഗ്വാർഡിയോൾ തടഞ്ഞു.
image credit FIFA WORLD CUP twitter
ബ്രസീൽ ഒരിക്കൽക്കൂടി ക്രൊയേഷ്യൻ ഗോൾമുഖത്തേക്ക് ഇരമ്പിയെത്തി. റിച്ചാർലിസൺ–-നെയ്മർ സഖ്യം ക്രൊയേഷ്യൻ പ്രതിരോധത്തെ പിന്നിലാക്കി മുന്നേറി. റിച്ചാർലിസന്റെ പാസ് ബോക്സിലേക്ക്. നെയ്മർ പിടിച്ച് അടിതൊടുത്തെങ്കിലും ലിവാകോവിച്ച് ക്രൊയേഷ്യയെ വീണ്ടും കാത്തു. ഈ ഗോൾകീപ്പറുടെ കാലിൽതട്ടി പന്ത് തെറിച്ചു. ക്രൊയേഷ്യ ബ്രസീലിന്റെ ആക്രമണം നേർപ്പിച്ചു. പതുക്കെ പന്തിൽ നിയന്ത്രണം നേടിയെടുത്തു. ബ്രസീൽ കോച്ച് രണ്ട് മാറ്റങ്ങൾ വരുത്തി. റഫീന്യക്കും വിനീഷ്യസിനുംപകരം ആന്തണിയും റോഡ്രിഗോയും ഇറങ്ങി. ബ്രസീലിന്റെ കളിക്ക് അൽപ്പം വേഗത വന്നു. ഇതിനിടെ നെയ്മറുടെ മറ്റൊരു നീക്കവും ലിവാകോവിച്ച് തടഞ്ഞു. പക്വേറ്റയുടെ ഷോട്ടും ഗോൾകീപ്പറുടെ കൈയിലാണ് അവസാനിച്ചത്. അവസാന നിമിഷങ്ങൾ ആഞ്ഞുശ്രമിച്ചെങ്കിലും ബ്രസീലിന് ലക്ഷ്യംകാണാനായില്ല.
കളി അധികസമയത്തേക്ക്. ആദ്യ അവസരം ക്രൊയേഷ്യക്ക്. ഒറ്റയ്ക്ക് മുന്നേറിയ ബ്രൊസോവിച്ച് ഗോൾകീപ്പർമാത്രം മുന്നിൽനിൽക്കെ പന്ത് പുറത്തേക്കടിച്ച് കളഞ്ഞു. ബ്രസീലിന്റെ സുവർണനിമിഷം ഉടൻ പിറന്നു. അതുവരെ മങ്ങിനിന്ന നെയ്മർ അവതരിച്ചു. ബ്രസീലിന്റെ കളിയുടെ എല്ലാ സൗന്ദര്യവും ഒത്തിണങ്ങിയ ഗോൾ. നെയ്മറിൽനിന്ന് തുടങ്ങി. പക്വേറ്റയും വിനീഷ്യസും ആ കണ്ണിയിൽ പങ്കാളിയായി. എതിരുനിൽക്കുന്ന പ്രതിയോഗികളെ വകഞ്ഞുമാറ്റി, ഒടുവിൽ ഗോൾകീപ്പറെയും നിസ്സഹായനാക്കി നെയ്മറുടെ അതിമനോഹര ഗോൾ. അതിൽ ജയമുറപ്പിച്ച ബ്രസീലിന് ഞെട്ടിപ്പിക്കുന്ന തിരിച്ചടി കിട്ടി. പ്രത്യാക്രമണത്തിലൂടെ ബ്രസീലിന്റെ ഹൃദയം തകർത്ത് സമനില. പകരക്കാരനായെത്തിയ ബ്രൂണോ പെട്കോവിച്ച് അവിശ്വസനീയമായ ഫലം ക്രൊയേഷ്യക്ക് നൽകി.
കളി ഷൂട്ടൗട്ടിൽ
ക്രൊയേഷ്യയ്ക്കായി നിക്കോള വ്ലാസിച്ച് ആദ്യ കിക്ക് ലക്ഷ്യത്തിലെത്തിച്ചു. ബ്രസീലിനായി കിക്കെടുത്ത റോഡ്രിഗോയെ ലിവാകോവിച്ച് തടഞ്ഞു. ക്രൊയേഷ്യയ്ക്കായി ലോവ്റോ മയെർ പന്ത് വലയിലെത്തിച്ചു. അടുത്ത കിക്ക് ലക്ഷ്യത്തിലെത്തിച്ച് കാസെമിറോ ബ്രസീലിന് പ്രതീക്ഷ നൽകി. ക്രൊയേഷ്യയ്ക്കായി ലൂക്കാ മോഡ്രിച്ചും മിസ്ലാവ് ഓർസിച്ചും വല കണ്ടപ്പോൾ ബ്രസീലിന് പിഴച്ചു. പെഡ്രോ വല കണ്ടു. എന്നാൽ, മാർക്വിന്യോസിന്റെ അടി പോസ്റ്റിൽ തട്ടിത്തെറിച്ചുപോയി.