രാജ്യത്തിൻറെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗമുണ്ടാകുമെന്നാണ് കാലവസ്ഥാ കേന്ദ്രത്തിൻറ മുന്നറിയിപ്പ്.
വെസ്റ്റേൺ ഓസ്‌ട്രേലിയയിലും, നോർത്തേൺ ടെറിട്ടറിയിലും അടുത്ത ആഴ്‌ച വരെ ഉഷ്ണതരംഗം നിലനിൽക്കുമെന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പിൽ പറയുന്നു.
വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പിൽബറ, കിംബർലി, വടക്കൻ ഉൾനാടൻ ജില്ലകൾ, നോർത്തേൺ ടെറിട്ടറിയുടെ ചില ഭാഗങ്ങൾ, വടക്കൻ ക്വീൻസ്‌ലാന്റിന്റെ ചില ഭാഗങ്ങൾ എന്നിവടങ്ങളിൽ നേരത്ത തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ രാജ്യത്തിൻറെ ചില ഭാഗങ്ങളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥ കേന്ദ്രത്തിൻറ മുന്നറിയിപ്പിൽ പറയുന്നു.
സൗത്ത് ഓസ്‌ട്രേലിയയുടെ വടക്ക് കിഴക്കൻ ഭാഗത്ത് ഇതിനോടകം 43.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി സ്വകാര്യ മേഖലയിലുള്ള കാലാവസ്ഥാ നിരീക്ഷണ സേവനമായ വെതർസോൺ അറിയിച്ചു.
ഇതിനു വിപരീതമായി, സംസ്ഥാനത്തിന്റെ തെക്ക് കിഴക്കൻ ഭാഗത്തുള്ള കേപ് ജാഫയിൽ 16.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്.
2022 ൽ കണ്ടു വന്നിരുന്ന കാലാവസ്ഥ പ്രതിഭാസമായ നെഗറ്റീവ് Indian Ocean Dipole (IOD) അവസാനിച്ചതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓസ്ട്രേലിയയുടെ കിഴക്കൻ പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് കാരണമായ കാലാവസ്ഥാ ഘടകങ്ങളിൽ ഒന്നായിരുന്നു IOD.
നെഗറ്റീവ് IODയും, ലാ നിനയും രാജ്യത്ത് 1900 ന് ശേഷമുള്ള റെക്കോർഡ് മഴക്ക് കാരണമായിരുന്നു. പലയിടത്തും ആഴ്ചകൾ നീണ്ടു നിൽക്കുന്ന വെള്ളപ്പൊക്കത്തിനും മഴ ഇടയാക്കിയിരുന്നു.
അതേസമയം നെഗറ്റീവ് IOD അവസാനിച്ചെങ്കിലും ലാ നിന പ്രതിഭാസം വേനൽക്കാലത്തും തുടരുമെന്ന വിലയിരുത്തലും കാലാവസ്ഥ കേന്ദ്രത്തിനുണ്ട്.
കടപ്പാട്: SBS മലയാളം