ക്വീൻസ്ലാന്റിലെ കെയിൻസിൽ 24കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തെരഞ്ഞിരുന്നയാളെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തു.
വിവരം നൽകുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ആഴ്ചകൾക്കകമാണ് രജ്വീന്ദർ സിംഗ് എന്ന പഞ്ചാബി വംശജൻ അറസ്റ്റിലായത്.
പഞ്ചാബ് സ്വദേശിയായ രജ്വീന്ദർ സിംഗ് എന്ന 38കാരനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ അല്ലെങ്കിൽ അഞ്ചു കോടി ഇന്ത്യൻ രൂപ പാരിതോഷികം നൽകുമെന്ന് നവംബർ ആദ്യമാണ് ക്വീൻസ്ലാന്റ് പൊലീസ് പ്രഖ്യാപിച്ചത്.
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയായിരുന്നു ഇത്.
2018ൽ കെയിൻസിൽ വച്ച് ടോയ കോർഡിംഗ്ലി എന്ന യുവതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് തേടിയത്.
2018 ഒക്ടോബർ 21ന് കാണാതായ ടോയ കോർഡിംഗ്ലിയുടെ മൃതദേഹം തൊട്ടടുത്ത ദിവസം ഒരു ബീച്ചിൽ നിന്ന് കണ്ടെടുത്തിരുന്നു.
കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രജ്വീന്ദർ സിംഗ് ഇന്ത്യയിലേക്ക് കടന്നതായി ക്വീൻസ്ലാന്റ് പൊലീസ് അറിയിച്ചിരുന്നു.
ഇയാളുടെ നിരവധി ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവിട്ടുകൊണ്ടാണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്.
പാരിതോഷിക പ്രഖ്യാപനത്തിന് പഞ്ചാബിലും പ്രചാരണം നൽകാൻ ക്വീൻസ്ലാന്റ് പൊലീസ് നടപടിയെടുത്തിരുന്നു.
ഹിന്ദിയും പഞ്ചാബിയും സംസാരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു അന്വേഷണം.
ക്വീൻസ്ലാന്റ് പൊലീസ് ഇന്ത്യയിലെത്തി ഇന്ത്യൻ സർക്കാരുമായി സഹകരിച്ചുംഅന്വേഷണം നടത്തി.
ഇതിനു പിന്നാലെയാണ് രജ്വീന്ദർ സിംഗിനെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
കടപ്പാട്: SBS മലയാളം