ഷില്ലോങ്
അസം- മേഘാലയ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷമായി. മേഘാലയത്തിലെ വെസ്റ്റ് ജെയ്ന്തിയ ഹില്‍സിലെ അതിർത്തി ഗ്രാമമായ മുക്രോയിലുണ്ടായ വെടിവയ്പിൽ ആറുപേർ കൊല്ലപ്പെട്ടു. ഇതോടെ ഇരു സംസ്ഥാന അതിര്‍ത്തിയിലും സംഘര്‍ഷസാധ്യത നിലനില്ക്കുന്നു.
അനധികൃതമായി തടി കടത്തുന്നത് അസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മേഘാലയ സ്വദേശികളായ അഞ്ചുപേരും അസം വനംവകുപ്പ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. മേഘാലയയിലെ ഏഴു ജില്ലയിൽ രണ്ടു ദിവസത്തേക്ക് ഇന്റർനെറ്റ് സർവീസ് നിർത്തിവച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ആദ്യം വെടിയുതിർത്തതെന്ന് പ്രദേശവാസികൾ ആരോപിച്ചു. തടി കയറ്റിവന്ന ട്രക്കിനെ പിന്തുടർന്ന് പിടികൂടിയ ശേഷമാണ് അസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ചതെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ആരോപിച്ചു. എന്നാൽ, ജനക്കൂട്ടം ആക്രമിച്ചതോടെ സ്വയം പ്രതിരോധിക്കാനാണ് വെടിയുതിര്‍ത്തതെന്നാണ് അസം പൊലീസിന്റെ ഭാഷ്യം.
അസം മേഘാലയ -അതിര്‍ത്തി തര്‍ക്കം 1972 മുതല്‍ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ മാർച്ചിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമമ്മയും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും അതിർത്തി കരാറിൽ ഒപ്പുവച്ചിരുന്നു. ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ 884.9 കിലോമീറ്റർ അതിർത്തിയില്‍ തര്‍ക്കം നിലനില്‍ക്കുന്ന ആറിടത്ത് പ്രശ്നം പരിഹരിക്കാന്‍ കരാറിലൂടെ സാധിച്ചെന്നായിരുന്നു ബിജെപിയുടെ അവകാശവാദം.
പ്രദേശത്തെ 70 ശതമാനം അതിർത്തി പ്രശ്നവും പരിഹരിച്ചുവെന്ന് ബിജെപി വലിയ പ്രചാരണം നടത്തി. ഇതില്‍ കഴമ്പില്ലെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്.