അഹമ്മദാബാദ്
തുരുമ്പെടുത്ത കേബിളുകൾ, ഇളകിയ ആങ്കറുകളും ബോൾട്ടുകളും. പരമാവധി 100 പേരെമാത്രം താങ്ങാൻ ശേഷിയുള്ള തൂക്കുപാലത്തിലേക്ക് കയറാൻ ഒറ്റദിവസം വിറ്റ ടിക്കറ്റുകൾ 3165. ഗാർഡുകളായിരുന്നത് പരിശീലനം നേടാത്ത ദിവസക്കൂലിക്കാർ. നൂറ്റമ്പതോളംപേരുടെ മരണത്തിനിടയാക്കിയ ഗുജറാത്ത് മോർബി തൂക്കുപാലം ദുരന്തത്തിന്റെ ഫോറൻസിക് പരിശോധനാ റിപ്പോർട്ടിലാണ് വിവരങ്ങൾ. റിപ്പോർട്ട് മോർബി സെഷൻസ് കോടതിയിൽ സമർപ്പിച്ചു. ഒക്ടോബർ മുപ്പതിനാണ് പാലം തകർന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച പാലം നവീകരണത്തിനായി അടച്ചിട്ട് തുറന്നതിന്റെ അഞ്ചാം നാളിലായിരുന്നു അപകടം. രണ്ട് ടിക്കറ്റ് വിൽപ്പനക്കാർ പാലത്തിന്റെ രണ്ടറ്റത്തുമുണ്ടായിരുന്നു. എത്ര ടിക്കറ്റ് നൽകാമെന്ന് ഇവർക്ക് അറിയില്ലായിരുന്നെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറഞ്ഞു.
100 ടിക്കറ്റ് നൽകിയശേഷം പ്രവേശനം നിർത്തിവയ്ക്കണമെന്നതാണ് ചട്ടം. പാലത്തിന്റെ നടത്തിപ്പുചുമതലയുള്ള ഒറേവ കമ്പനി അധികൃതർ ഇതു പാലിച്ചില്ല. അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനു സ്വീകരിക്കേണ്ട മുൻകരുതൽ എടുത്തില്ല. ബോട്ടുകളോ ഗാർഡുകളോ ഇല്ലായിരുന്നു–-കോടതിയിൽ പ്രോസിക്യൂഷൻ ആരോപിച്ചു. അതേസമയം, ഒറേവ കമ്പനിക്ക് നിരുത്തരവാദപരമായി കരാർ നൽകിയ മുനിസിപ്പാലിറ്റിക്കെതിരെ അന്വേഷണം പുരോഗമിക്കുന്നില്ല. ബിജെപിയും കമ്പനിയും തമ്മിലുള്ള ബന്ധമാണ് ക്രമക്കേടിനു കാരണമായതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.