ദോഹ
ഓർക്കുന്നുണ്ടോ ഒച്ചോവയെ. 2014 ലോകകപ്പിൽ ബ്രസീലിന്റെ ആക്രമണങ്ങളെ നെഞ്ചുവിരിച്ച് നേരിട്ട മെക്സിക്കൻ ഗോൾകീപ്പറെ. 2018 ലോകകപ്പിൽ നാല് കളിയിൽ 25 സേവുകൾ നടത്തിയ ചുരുണ്ടമുടിക്കാരനെ. പിന്നെ വിസ്മൃതിയിലേക്ക് മാഞ്ഞ ഗില്ലർമൊ ഒച്ചോവ ലോകകപ്പ് വേദിയിൽ ഒരിക്കൽക്കൂടി ബാറിനുകീഴിൽ അത്ഭുതം കാട്ടി. ഇക്കുറി ആ മികവിൽ പോളണ്ടിന്റെ ഗോളടിക്കാരൻ റോബർട്ട് ലെവൻഡോവ്സ്കിയാണ് പതറിപ്പോയത്. ലോകകപ്പ് ഗ്രൂപ്പ് സിയിൽ മെക്സിക്കോയും പോളണ്ടും ഗോളടിക്കാതെ അവസാനിപ്പിച്ചപ്പോൾ ഒച്ചോവ താരമായി.
55–-ാം മിനിറ്റിലായിരുന്നു റഫറി പെനൽറ്റിക്ക് വിസിലൂതിയത്. ലെവൻഡോവ്സ്കിയുടെ മുന്നേറ്റത്തെ ഹെക്ടർ മൊറേനോ ബോക്സിൽ തടഞ്ഞു. വാർ പരിശോധയിൽ പെനൽറ്റി. പോളണ്ട് ക്യാപ്റ്റൻ ലെവൻഡോവ്സ്കി പന്തിൽ ചുംബിച്ച് പെനൽറ്റി സ്പോട്ടിലേക്ക്. ആത്മവിശ്വാസത്തോടെയുള്ള ഷോട്ട്. പക്ഷേ, ലെവൻഡോവ്സ്കിയുടെ പെനൽറ്റികളിൽ ഗൃഹപാഠം ചെയ്ത ഒച്ചോവ കൃത്യം ചാടി. വലതുഭാഗത്തേക്ക് അത്രയൊന്നും കരുത്തില്ലാത്ത അടി ഈ മുപ്പത്തേഴുകാരൻ തട്ടിയകറ്റി. ലോകകപ്പിലെ ആദ്യ ഗോളെന്ന സ്വപ്നം ലെവൻഡോവ്സ്കിക്ക് പിന്നെയും ബാക്കിയായി.
തുല്യശക്തികളുടെ പോരാട്ടമായിരുന്നു ഇരുഭാഗത്തും. പ്രതിരോധത്തിൽ കൃത്യമായി നിലയുറപ്പിച്ചപ്പോൾ ഗോളിലേക്കുള്ള വഴികളടഞ്ഞു. മെക്സിക്കോ 25 ക്രോസുകളാണ് പോളിഷ് ഗോൾമുഖത്തേക്ക് തൊടുത്തത്. പക്ഷേ, പോളിഷ് പ്രതിരോധത്തെ മറികടക്കാനായില്ല. ലക്ഷ്യത്തിലേക്ക് പോളണ്ട് മൂന്നുതവണയും മെക്സിക്കോ രണ്ടുതവണയും ഉന്നംവച്ചു. ഗോൾമാത്രം വന്നില്ല.
മെക്സിക്കോയ്ക്കായി അവസാന ഒമ്പത് കളിയിൽ ഒച്ചോവ ഗോൾ വഴങ്ങിയിട്ടില്ല. ഗ്രൂപ്പിൽ ഇരു ടീമുകൾക്കും ഓരോ പോയിന്റായി. മെക്സിക്കോ അടുത്ത കളിയിൽ 26ന് അർജന്റീനയുമായി ഏറ്റുമുട്ടും. പോളണ്ട് അന്നുതന്നെ സൗദി അറേബ്യയെ നേരിടും.