മനാമ > ഖത്തര്‍ ലോകകപ്പില്‍ പ്രഥമ മത്സരത്തില്‍ മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ അട്ടിമറി ജയം നേടിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സൗദിയില്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. സൗദി ഭരണാധികാരി സല്മാന് രാജാവാണ് അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ സ്ഥാപങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കി.
ലോക ഫുട്ബോള്‍ രാജാക്കന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ചാണ് സൗദി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നായ വിജയം കുറിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന സൗദി രണ്ടാം പകുതിയില്‍ അഞ്ചു മിനിറ്റ് ഇടവേളകളിലായി രണ്ടു ഗോള്‍ നേടിയാണ് അര്‍ജന്റീനയെ ഞെട്ടിച്ചത്. സലീം അല്‍ ദവ്സരി, സലേ അല്‍ ഷെഹ്രി എന്നിവരാണ് സൗദിക്കായി ഗോള്‍ നേടിയത്. 10ാം മിനിറ്റില്‍ മെസിയുടെ പെനല്‍റ്റിയില്‍ നിന്നാണ് അര്‍ജന്റീന ഗോള്‍ നേടിയത്.
സൗദി വിജയത്തില്‍ രാജ്യം എങ്ങും ആഹ്ലാദവും ആഘോഷവും നടക്കുകയാണ്. കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
കളി കാണാന്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ചൊവ്വാഴ്ച ഉച്ചക്ക് 12 വരെ മാത്രമായിരുന്നു പ്രവര്‍ത്തന സമയം. സ്കൂളുകള്‍ക്കും അവധി നല്‍കിയിരുന്നു.
സൗദി വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി റിയാദ് സീസണ് ആഘോഷ പരിപാടികള്‍ നടക്കുന്ന ബുളാവാഡ് സിറ്റിയിലും ബുളവാട് വേള്‍ഡിലും വിന്റര്‍ ലാന്‍ഡിലും പ്രവേശനം സൗജന്യമാക്കിയതായി സൗദി എന്റര്‍ടെയ്മെന്റ് അതോറിറ്റി അറിയിച്ചു.