തിരുവനന്തപുരം
സ്ത്രീസൗഹാർദ വിനോദസഞ്ചാരപദ്ധതിയിൽ സംസ്ഥാന സർക്കാർ മൂന്നു വർഷത്തിനകം ആരംഭിക്കുന്നത് 10,000 സ്ത്രീസംരംഭങ്ങൾ. കുറഞ്ഞത് 30,000 പേർക്ക് തൊഴിൽ ലഭിക്കും. ഒന്നരലക്ഷത്തോളം സ്ത്രീകളെ ഉൾപ്പെടുത്തി സ്ത്രീസൗഹൃദ ടൂറിസം ശൃംഖല രൂപീകരിക്കും. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന വനിതകൾക്കും ശൃംഖലയിൽ അംഗമാകാം. താമസം, ഭക്ഷണം, യാത്ര, ഗൈഡ് തുടങ്ങി ടൂർ പാക്കേജിലെ എല്ലാ ഘടകങ്ങളും സ്ത്രീകൾ നിയന്ത്രിക്കും. മൂന്നു വർഷത്തിനുള്ളിൽ ഓരോ ഗ്രാമത്തിലും കുറഞ്ഞത് 30 പേരെ ശൃംഖലയുടെ ഭാഗമാക്കും. ടൂർ ഗൈഡ്, ടൂർ ഓപ്പറേറ്റർ, ഡ്രൈവർമാർ, ഹോംസ്റ്റേ, റസ്റ്റോറന്റ് മേഖലകളിൽ സംരംഭങ്ങൾ തുടങ്ങാനാകും.
ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്ത്രീസൗഹാർദ വിനോദസഞ്ചാര പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം കഴിഞ്ഞമാസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചിരുന്നു. വനിതകൾക്ക് വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് സംരംഭങ്ങൾ തുടങ്ങാനും തൊഴിൽ പരിശീലനത്തിനും ഉത്തരവാദിത്വ ടൂറിസം മിഷൻ സൗകര്യമൊരുക്കും. നിലവിൽ അംഗങ്ങളായ 900 സ്ത്രീകൾ ഓൺലൈൻ പരിശീലനത്തിലാണ്. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ വകുപ്പുകളുടെ സഹായത്തോടെ വായ്പാ സൗകര്യങ്ങളും ലഭ്യമാക്കും.
സംസ്ഥാനം സമ്പൂർണ സ്ത്രീസൗഹാർദമാകും: മന്ത്രി
തദ്ദേശ വകുപ്പിന്റെകൂടി സഹകരണത്തോടെ സമ്പൂർണ സ്ത്രീസൗഹാർദ വിനോദസഞ്ചാര കേന്ദ്രമായി സംസ്ഥാനത്തെ രൂപപ്പെടുത്താനുള്ള പരിശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ ഏതു ഭാഗത്തും സ്ത്രീകൾക്ക് ഒറ്റയ്ക്കോ കൂട്ടമായോ സുരക്ഷിതമായി യാത്ര ചെയ്യാനാകുന്ന പദ്ധതി ലോകത്തിലെതന്നെ ഏറ്റവും ക്രിയാത്മകമായതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം ശൃംഖലയിൽ
അംഗമാകാൻ
ടൂറിസം രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ടൂറിസം ശൃംഖലയിൽ അംഗമാകാം. സൗജന്യ പരിശീലനം ലഭിക്കും. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://docs.google.com/forms/d/1ShrwwwiOvVQ0Tx-ht66Wfz5-r3B3yB3oxcnM6HsDpVA/edit