ന്യൂഡൽഹി> ഭിമാകൊറേഗാവ് കേസിലെ പ്രതി പ്രൊഫ. ആനന്ദ് തെൽതുംബ്ഡെയ്ക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവിന് എതിരെ എൻഐഎ സുപ്രീംകോടതിയിൽ. ഹർജി അടിയന്തിരമായി ലിസ്റ്റ് ചെയ്യണമെന്നും വ്യാഴാഴ്ച്ച തന്നെ പരിഗണിക്കണമെന്നും എൻഐഎയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർജനറൽ തുഷാർമെഹ്ത ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ച് മുമ്പാകെ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച്ച ഹർജി പരിഗണിക്കാമെന്ന് ചീഫ്ജസ്റ്റിസ് അറിയിച്ചു.
ഈ മാസം 18നാണ് ആനന്ദ് തെൽതുംബ്ഡെയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എൻഐഎയ്ക്ക് അപ്പീൽ നൽകാനുള്ള സൗകര്യത്തിന് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ച്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം, തന്റെ വാദം കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ആനന്ദ്തെൽതുംബ്ഡെ തടസഹർജി സമർപ്പിച്ചിട്ടുണ്ട്. 2020 ഏപ്രിൽ 14നാണ് ഭിമാകൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 73കാരനായ പ്രൊഫ. ആനന്ദ് തെൽതുംബ്ഡെയെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്. ജാമ്യം അനുവദിച്ച ഹൈക്കോടതി ആനന്ദ് തെൽതുംബ്ഡെ ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് നിരീക്ഷിച്ചിരുന്നു.
നേരത്തെ, പ്രൊഫ. ജി എൻ സായ്ബാബയ്ക്കും ഭിമാകൊറേഗാവ് കേസിൽ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.എന്നാൽ, എൻഐഎയുടെ അപ്പീലിൽ അടിയന്തിരസിറ്റിങ്ങ് നടത്തി സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. പ്രൊഫ. ആനന്ദ് തെൽതുംബ്ഡെയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത് എൻഐഎയ്ക്ക് വൻ തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ്, ഹൈക്കോടതി ഉത്തരവിന് എതിരെ എൻഐഎ സുപ്രീംകോടതിയെ സമീപിച്ചത്.