ദുബായ്> യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അരങ്ങേറുന്ന കേരളോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം പ്രശസ്ത മജീഷ്യനും മാജിക് അക്കാദമി സ്ഥാപകനുമായ പ്രൊഫ ഗോപിനാഥ് മുതുകാട് നിർവഹിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടും ലുലു എക്സ്ചേഞ്ചും മുഖ്യ പ്രയോജകരായ കേരളോത്സവം ഡിസംബർ 2, 3 തീയതികളിൽ ദുബായ് ഖിസൈസിലുള്ള ക്രെസെന്റ് സ്കൂളിലാണ് നടക്കുന്നത്.
രണ്ടു ദിവസങ്ങളിലും വൈകുന്നേരം നാലു മണി മുതൽ ആരംഭിക്കുന്ന ഉത്സവത്തിൽ കേരള ടൂറിസം പൊതുമരാമത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി എത്തും. മലയാളത്തിന്റെ ഗൃഹാതുരസ്മരണകളെ ഉണർത്തുന്ന ഈ നാട്ടുത്സവത്തിൽ പ്രശസ്ത നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടി, നാടൻ പാട്ട് കലാകാരൻ ബാനർജിയുടെ പേരിലുള്ള കനൽ ബാൻഡ്, പാലപ്പള്ളി ഫെയിം അതുൽ നറുകര എന്നിവരടങ്ങുന്ന സംഘം വേറിട്ട സംഗീത വിരുന്നൊരുക്കും. അമ്പതിൽ പരം കലാകാരന്മാർ ഒന്നിക്കുന്ന വാദ്യമേളം, ആന, കാവടി, തെയ്യം, മുത്തുക്കുടകൾ എന്നിവ അണിനിരത്തിയുള്ള ഘോഷയാത്ര, നാട്ടുത്സവത്തിന്റെ മനോഹാരിത വിളിച്ചോതുന്ന മറ്റു കലാ രൂപങ്ങൾ എന്നിവ ഉത്സവത്തെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റും.
കേരളീയരുടെ ഇഷ്ട്ടപ്പെട്ട വിഭവങ്ങൾ ലഭ്യമാകുന്ന വിവിധ ഭക്ഷണശാലകൾ, ഹലുവ സ്റ്റാൾ, കുടംബശ്രീ തട്ടുകട, അമ്പലപ്പുഴ പാൽപ്പായസം, വള, മാല, കണ്മഷി മുതൽ കപ്പലണ്ടിയും , ഉപ്പിലിട്ട നെല്ലിക്കയും, അച്ചാറും വരെ ലഭിക്കുന്ന വിവിധ സ്റ്റാളുകൾ, സൈക്കിൾ യജ്ഞം, ചുക്കുകാപ്പി എന്നിങ്ങനെ മലയാളി മനസ്സുകൾക്ക് ഗൃഹാതുരത്വമുണർത്തുന്ന ആഘോഷ രാവുകൾ സമ്മാനിക്കുന്ന രണ്ടു ദിനങ്ങളായിരിക്കും ഇവിടെ അരങ്ങേറുക എന്ന് സംഘാടകർ അറിയിച്ചു. ലോഗോ പ്രകാശന ചടങ്ങിൽ ലോക കേരള സഭ അംഗം എൻ കെ കുഞ്ഞഹമ്മദ്, സംഘാടക സമിതി അംഗങ്ങളായ അനീഷ് മണ്ണാർക്കാട്, കെ വി സജീവൻ, ഷിജു ബഷീർ, രാജൻ മാഹി, അബ്ദുൽ റഹ്മാൻ, സുജിത സുബ്രു, സഫർ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.