അബുദാബി> യുഎഇ രാഷ്ട്രപിതാവ് ഷെയ്ക്ക് സായിദിന്റെ പേരില് ഇന്തോനേഷ്യയിലും ഗ്രാന്ഡ് മോസ്ക്. ഇന്തോനേഷ്യന് നഗരമായ സോളോയിലാണ് പള്ളി നിര്മ്മിച്ചിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് നഹ്യാനും ഇന്തോനേഷ്യന് പ്രസിഡന്റ് ജോക്കോ വിഡോഡോയും ചേര്ന്ന് പള്ളി പൊതുജനങ്ങള്ക്കായി തുറന്നു കൊടുത്തു.
G-20 ഉച്ചകോടിയില് പങ്കെടുക്കുന്നതിന് എത്തിയതായിരുന്നു യു എ ഇ പ്രസിഡണ്ട്. പ്രസിഡന്ഷ്യല് കോടതിയുടെ ഉപപ്രധാനമന്ത്രിയും മന്ത്രിയുമായ ഷെയ്ഖ് മന്സൂര് ബിന് സായിദ് അല് നഹ്യാന്, ഷെയ്ഖ് ഹംദാന് ബിന് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്, പ്രസിഡന്ഷ്യല് കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിന് ഹമദ് ബിന് തഹ്നൂന് അല് നഹ്യാന്, സുഹൈല് ബിന് മുഹമ്മദ് അല് മസ്റൂയി, ഊര്ജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി ഡോ.ഹംദാന് മുസല്ലം അല് മസ്റൂയി, എമിറേറ്റ്സ് റെഡ് ക്രെസെന്റ് ഡയറക്ടര് ബോര്ഡ് ചെയര്മാന് ഡോ.ഒമര് അല്-ദാരെ എന്നിവര് ഉള്പ്പെടെയുള്ള പ്രതിനിധി സംഘം ഉദ്ഘാടനച്ചടങ്ങില് യു എ ഇ പ്രസിഡന്റിനെ അനുഗമിച്ചു.
പരമ്പരാഗത ഇന്ഡോനേഷ്യന് രീതികളും, അബുദാബി ഗ്രാന്ഡ് മോസ്കിന്റെ ഡിസൈനുകളും കൂട്ടിച്ചേര്ത്ത് തദ്ദേശ സാമഗ്രികള് ഉപയോഗിച്ച് നിര്മ്മിച്ചതാണ് പള്ളി. 10000 പേര്ക്ക് പ്രാര്ത്ഥിക്കാന് കഴിയുന്ന പള്ളിയ്ക്ക് 56 താഴികകുടങ്ങളും, നാല് മിനാരങ്ങളും, പ്രധാന പ്രാര്ത്ഥന സ്ഥലത്ത് 32 നിരകളും ഉണ്ട്. ഇതു നേതാക്കളും പള്ളിയില് ഒരുമിച്ച് പ്രാര്ത്ഥന നടത്തിയതിന് പുറമേ മസ്ജിദ് അങ്കണത്തില് വൃക്ഷത്തൈകള് വെച്ചുപിടിപ്പിക്കുകയും ചെയ്തു.