ഷാർജ> ഷാരൂഖ് ഖാനേയും, റസൂൽ പൂക്കുട്ടിയേയും ഷാർജ ബുക്ക് അതോറിറ്റി അവാർഡ് നൽകി ആദരിച്ചു. ഗ്ലോബൽ ഐക്കൺ ഓഫ് സിനിമ ആൻഡ് കൾച്ചറൽ അവാർഡാണ് ഷാരൂഖ് ഖാന് നൽകിയത്. സിനിമാ മേഖലയിൽ സൗണ്ട് എഞ്ചിനീയറിംഗ് രംഗത്ത് നൽകിയ മികച്ച സംഭാവനകളെ കണക്കിലെടുത്താണ് റസൂൽ പൂക്കുട്ടിക്ക് അവാർഡ്.
ആസിഡ് ആക്രമണത്തെ അതിജീവിച്ച് ജീവിതം മുന്നോട്ട് നയിക്കുന്ന സ്ത്രീകൾക്കു വേണ്ടി അവാർഡ് സമർപ്പിക്കുന്നതായി ഷാരുഖ് ഖാൻ പറഞ്ഞു. നിങ്ങൾ നൽകുന്ന ഈ സ്നേഹത്തിന് ഞാൻ നന്ദിയുള്ളവനാണ്. ഇതൊരു പുസ്തക മേളയായതിനാൽ ഞാൻ മിതത്വം പാലിക്കുന്നു. അല്ലെങ്കിൽ നിങ്ങൾക്കൊപ്പം നൃത്തം ചെയ്യുമായിരുന്നു- ആർത്തുവിളിയുമായി സ്വീകരിച്ച ആരാധകരെ നോക്കി ഷാരൂഖ് ഖാൻ പറഞ്ഞു.
കലയും സംസ്കാരവും മാനവികതയെ ഉയർത്തുന്നു. നമ്മൾ ആരാണെന്ന് തിരിച്ചറിയുന്നത് ഇത്തരം അറിവിലൂടെയാണ്. പുസ്തകങ്ങളും കലയും സംസ്കാരവും മനുഷ്യനെ ഉദാത്തനാക്കുന്നു. ഇമാറാത്തിന്റെ വൈവിധ്യത്തെയും സംസ്കാരത്തെയും താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നും. സ്വന്തം സംസ്കാരം അടിച്ചേൽപിക്കാതെ വ്യത്യസ്ഥതകളെ സ്വീകരിക്കുന്ന യു എ ഇ യുടെ മഹത്വത്തെ താൻ ബഹുമാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിൽ ചിത്രങ്ങൾക്കൊപ്പം ശബ്ദകല ആഖ്യാനമായി മാറിയിരിക്കുന്നതായി ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി പറഞ്ഞു. ഈ യാഥാർത്ഥ്യം സിനിമാ ലോകം അംഗീകരിച്ചിരിക്കുന്നു. ശബ്ദം ആഖ്യാനമാണെന്ന തിരിച്ചറിവിൽ ഷാർജ ബുക്ക് അതോറിറ്റി നൽകിയ പുരസ്കാരം തന്റെ ടീമിന് സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. നമ്മൾ വായിക്കുമ്പോൾ അതിലെ വരികളാണ് ഇമേജുകളായി മാറുന്നത്. സിനിമയിൽ ചിത്രങ്ങളും ഒപ്പം ശബ്ദവും ഇമേജുകളായി മാറുന്നു. സിനിമക്ക് പിന്നിൽ പ്രവർത്തിക്കുന്ന വ്യത്യസ്ത ഘടകങ്ങളെ തിരിച്ചറിയാൻ അതേക്കുറിച്ചുള്ള അവബോധം ആവശ്യമാണ്.
ഒരു പക്ഷെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ അത്തരമൊരു അറിവ് നേടിയാണ് സിനിമ കാണുന്നത്. അതുകൊണ്ടാണ് സന്തോഷ് ശിവന്റെയും മറ്റു ടെക്നീഷ്യന്മാരുടെയും പേരുകൾ സ്ക്രീനിൽ തെളിയുമ്പോൾ പ്രേക്ഷകർ കൈയ്യടിക്കുന്നത്. ഹിന്ദിയെ അപേക്ഷിച്ച് മികച്ച സാഹിത്യ രചനകൾ സിനിമയാക്കുന്നതും പ്രാദേശിക ഭാഷകളിലാണ്-റസൂൽ പൂക്കുട്ടി പറഞ്ഞു.
അമിതാബച്ചന്റെ അഞ്ച് പതിറ്റാണ്ടിലെ സിനിമാ ജീവിതത്തെ അടിസ്ഥാനമാക്കി അദ്ദേഹത്തിന്റെ മികച്ച ഡയലോഗുകൾ കോർത്തിണക്കി റസൂൽ പൂക്കുട്ടി തയ്യാറാക്കിയ കോഫി ടേബിൾ എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. ‘സൗണ്ടിംഗ് ഓഫ്: അമിതാബ് ബച്ചൻ’ എന്ന പുസ്തകത്തിൽ അമിതാബിന്റെ അമ്പത് സിനിമകളിൽ നിന്നുള്ള ഡയലോഗുകളും അപൂർവ്വ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. റസൂൽ പൂക്കുട്ടിയുടെ ശബ്ദകലാ ജീവിതത്തെ ആസ്പദമാക്കി ബൈജു നടരാജൻ എഴുതിയ ‘ശബ്ദതാരാപഥം’ എന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു.