ദുബായ്> മേഖലയിൽ വമ്പൻ കുതിപ്പ് ലക്ഷ്യമിട്ട് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ നയം പ്രഖ്യാപിച്ചു. 2031 ലക്ഷ്യമിട്ടാണ് ഷെയ്ഖ് മുഹമ്മദ് പുതിയ ദേശീയ ടൂറിസം പദ്ധതി. അടുത്ത ഒമ്പതു വർഷം കൊണ്ട് 100 ബില്യൺ ദിർഹം നിക്ഷേപവും, 40 മില്യൻ ഹോട്ടൽ അതിഥികളെ ആകർഷിക്കാനുള്ള പദ്ധതിയും നയത്തിൽ ഉൾപ്പെടുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
ലോകത്തിലെ ആദ്യത്തെ 10 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഉൾപ്പെടുന്ന രാജ്യമാണ് യുഎഇ. രാജ്യത്തിന്റെ സമ്പദ്ഘടനയിൽ ടൂറിസം വലിയ പങ്കാണ് വഹിക്കുന്നത്. 2031 ആകുമ്പോഴേക്കും രാജ്യത്തിന്റെ ആകെ ജി ഡി പി യിൽ ടൂറിസം മേഖലയുടെ സംഭാവന 450 ബില്യൺ ദിർഹം ആക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 2022 ആദ്യപാദത്തിൽ 22 മില്യൺ യാത്രക്കാരെയാണ് യു എ ഇ സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.