മനാമ > ഗള്‍ഫിലെ ഏറ്റവും വലിയ സ്കൂള്‍ കലോത്സവത്തിന് ഞായറാഴ്ച ഇന്ത്യന്‍ സ്കൂളില്‍ തിരി തെളിയും. 120ഓളം ഇനങ്ങളിലായി നാലായിയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഈ കലോത്സവം ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂള്‍ കലോത്സവമാണ്.
യുവജനോത്സത്തിലെ സ്റ്റേജ് ഇനങ്ങള്‍ക്കാണ് ഞായറാഴ്ച തുടക്കമാവുന്നത്. വൈകിട്ട് ആറിന് ഇസ ടൗണിലെ ജഷന്മാള് ഓഡിറ്റോറിയത്തില്‍ സ്റ്റേജ് ഇനങ്ങളുടെ ഔപചാരിക ഉദ്ഘാടനം നടക്കും. തുടര്‍ന്ന് നാടോടി നൃത്തം, മൈം, മോണോ ആക്ട് എന്നിവ അരങ്ങേറും.
വിവിധ വേദികളിയായി നടക്കുന്ന കലോത്സവത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ നവംബര്‍ 23നു ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടിലല് നടക്കും. ഗ്രാന്‍ഡ് ഫിനാലെയില്‍ കലാശ്രീ, കലാപ്രതിഭ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
കൊറോണ ഭീതി വിട്ടൊഴിഞ്ഞ ശേഷം നടക്കുന്ന കലോത്സവത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയായി വിദ്യാര്‍ത്ഥികള്‍ സ്റ്റേജ് ഇതര രചനാ മത്സരങ്ങളിലും ഗ്രൂപ് ഇനങ്ങളിലേക്കുള്ള പ്രാഥമിക മത്സരങ്ങളിലും ഏര്‍പ്പെട്ടു വരികയായിരുന്നു. വിദ്യാര്‍ഥികളില്‍ കലാ നൈപുണ്യവും നേതൃപാടവവും വളര്‍ത്തുന്നുന്നതിന്റെ ഭാഗമായി ഈ കലോത്സവത്തില്‍ ഹൗസ് സമ്പ്രദായമാണ് ഇന്ത്യന്‍ സ്കൂള്‍ പിന്തുടരുന്നത്. വിദ്യാര്‍ത്ഥികളെ നാല് ഹൗസുകളായി തിരിച്ചാണ് മത്സരം. ആര്യഭട്ട, വിക്രം സാരാഭായ്, ജെസി ബോസ്, സിവി രാമന് എന്നീ ഗ്രൂപ്പുകളാണ് കലോത്സവത്തില്‍ കിരീടം ചൂടാന്‍ മത്സരിക്കുന്നത്. ആറു മുതല്‍ 17 വയസു വരെയുള്ള വിദ്യാര്‍ത്ഥികളെ നാല് പ്രായ വിഭാഗങ്ങളിലായി തിരിച്ചാണ് മത്സരം.
സ്റ്റേജ്, നോണ്‍ സ്റ്റേജ് ഇനങ്ങളിലായി ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന വിദ്യാര്‍ത്ഥികളാണ് കലാശ്രീ, കലാപ്രതിഭ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരാവുക.
കുറ്റമറ്റ രീതിയിലും വേഗത്തിലും ഫലപ്രഖ്യാപനം നടത്താനായി പ്രത്യേക സോഫ്ട്വെയര് ഇന്ത്യന്‍ സ്കൂള്‍ തയ്യാറാക്കിയിട്ടുണ്ട് . ഏകദേശം 800 ഓളം ട്രോഫികളാണ് കൗമാര പ്രതിഭകളെ കാത്തിരിക്കുന്നത്. ഒരു പരാതികള്‍ക്കും ഇട നല്‍കാതെ അടുക്കും ചിട്ടയോടെയും കലോത്സവം നടത്താന്‍ സ്കൂള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചെയര്മാന് പ്രിന്‍സ് എസ് നടരാജന് പറഞ്ഞു. രണ്ടു കാമ്പസുകളിലായി 12000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇന്ത്യന്‍ സ്കൂളിന്റെ കലണ്ടറില്‍ ഏവരും ഉറ്റുനോക്കുന്ന കലാ മാമാങ്കമാണ് തരംഗ് എന്ന യുവജനോത്സവമെന്ന് സെക്രട്ടറി സജി ആന്റണി പറഞ്ഞു. സ്റ്റേജ് ഇതര മത്സരങ്ങളില്‍ ആവേശജനകമായ പങ്കാളിത്തമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഉണ്ടായതെന്ന് പ്രിന്‍സിപ്പല്‍ വി ആര് പളനിസ്വാമി പറഞ്ഞു.