ന്യൂഡൽഹി > കടുത്തശൈത്യത്തെ മറികടന്ന് ഹിമാചൽപ്രദേശ് ജനവിധി കുറിച്ചു. ശനിയാഴ്ച്ച വൈകിട്ട് അഞ്ച് വരെ 65.92 ശതമാനം വോട്ട് രേഖപ്പെടുത്തി. ഭരണം നിലനിർത്താൻ ബിജെപിയും നിലനിൽപ്പിന് വേണ്ടി കോൺഗ്രസും പോരാടുന്ന ഹിമാചലിന്റെ ജനവിധി ഡിസംബർ എട്ടിന് അറിയാം. ശൈത്യം മൂലം പതിഞ്ഞതാളത്തിലാണ് വോട്ടെടുപ്പ് തുടങ്ങിയത്.
ആദ്യമണിക്കൂറിൽ വെറും അഞ്ച് ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. എന്നാൽ, പിന്നീട് വോട്ടിങ്ങ് ശതമാനം ഘട്ടംഘട്ടമായി വർദ്ധിച്ചു. ഉച്ചയ്ക്ക് 37.19 ശതമാനം വോട്ട് രേഖപ്പെടുത്തി. പകൽ മൂന്നായപ്പോൾ പോളിങ്ങ് ശതമാനം 55 ആയി ഉയർന്നു. സിർമോർ–-72.35 %, സോളൻ–-68.48%, ബിലാസ്പുർ–-65.72%, ചമ്പ–-63.09%, ഹമിർപുർ–-64.74%, കാംഗ്ഡ–-63.95%, കിന്നോർ–-62%, കുളു–-64.59%, ലഹോൾസ്പിത്തി–-67.59%, മണ്ഡി–-66.75%, ഷിംല–-65.66 %, സോളൻ–-68.48%, ഉനാ–-67.67% എന്നിങ്ങനെയാണ് പ്രധാനജില്ലകളിലെ പോളിങ്ങ് ശതമാനം. 2017 തെരഞ്ഞെടുപ്പിൽ 74.6 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു.
ലോകത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോളിങ്ങ്ബൂത്തെന്ന് വിശേഷിക്കപ്പെടുന്ന താഷിഗാങ്ങിൽ ആകെയുള്ള 52 വോട്ടർമാരിൽ 51 പേരും വോട്ട് ചെയ്തു. ഷിംലയിൽ നിന്നും ഏറെ അകലെ സ്ഥിതി ചെയ്യുന്ന ധന്ദേർവാഡിയിൽ സ്ത്രീകൾ ഉൾപ്പടെയുള്ള വോട്ടർമാർ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തിയത് ആവേശകരമായി. 105 വയസുകാരി നാറോദേവി ചമ്പയിലും 103കാരൻ പ്യാർസിങ്ങ് ഷിംലയിലും വോട്ട് ചെയ്തു.
ഹിമാചൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചരണപരിപാടികൾ മെച്ചപ്പെടുത്താമായിരുന്നെന്ന് മുതിർന്ന നേതാവ് ആനന്ദ്ശർമ പ്രതികരിച്ചു. താൻ ഉൾപ്പടെ മുതിർന്ന നേതാക്കളെ പൂർണമായും ഉപയോഗിക്കാൻ പാർടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൊത്തം 68 മണ്ഡലങ്ങളിൽ 412 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസിന് വേണ്ടി പ്രിയങ്കാഗാന്ധിയുമാണ് പ്രചരണരംഗത്തുണ്ടായിരുന്നത്. ഹിമാചലിലും ഗുജറാത്തിലും എക്സിറ്റ് പോളും അഭിപ്രായസർവ്വേകളും തെരഞ്ഞെടുപ്പ് കമീഷൻ വിലക്കി.