കൊല്ലം > ശബരിമല ഡ്യൂട്ടിചെയ്യുന്ന പൊലീസുകാർക്കുള്ള സൗജന്യഭക്ഷണവിതരണം തുടരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പൊലീസ് മെസ് നടത്തിപ്പുതുക പൂർണമായും സർക്കാർ വഹിക്കും. റൂറൽ ജില്ലാ പൊലീസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽഅധ്യക്ഷനായി സംസാരിക്കുകയായിരുന്നു ധനമന്ത്രി.
പൊലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കഴിഞ്ഞ ആറുവർഷംകൊണ്ട് വന്ന മാറ്റം വളരെ വലുതാണ്. രാജ്യത്തെ പൊലീസ് സേനയ്ക്ക് പല നിലകളിൽ മാതൃകയാകാൻ ഇക്കാലയളവിൽ കേരള പൊലീസിനു കഴിഞ്ഞു. ക്രമസമാധാന പരിപാലനം, ശാസ്ത്രീയ കുറ്റാന്വേഷണം, സൈബർ കേസന്വേഷണം എന്നീ രംഗങ്ങളിൽ കേരള പൊലീസ് ഒന്നാംസ്ഥാനത്താണ്.
പൊലീസിന് ആത്മവിശ്വാസം വർധിപ്പിക്കുന്ന പദ്ധതികൾക്ക് എൽഡിഎഫ് സർക്കാർ മുൻഗണന നൽകുന്നു. ജനങ്ങളുടെ സേവകരാണ് പൊലീസെന്നും സഹായം തേടി വിളിക്കുന്നവർക്ക് വിളിപ്പുറത്തെത്താൻ പൊലീസിന് കഴിയണമെന്നും ബാലഗോപാൽ പറഞ്ഞു.