കൊച്ചി > സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ അരങ്ങൊഴിഞ്ഞപ്പോൾ കിരീടം കൈകളിലേന്തി പാലക്കാട്. 1383 പോയിന്റോടെയാണ് പാലക്കാടിന്റെ കുതിപ്പ്. ആദ്യ രണ്ടുദിനം ഇഞ്ചോടിച്ച് മത്സരം കാഴ്ചവച്ചെങ്കിലും മൂന്നാംദിനം മലപ്പുറം രണ്ടാംസ്ഥാനത്തായി–- 1350 പോയിന്റ്. 1338 പോയിന്റോടെ കണ്ണൂർ മൂന്നാമതും 1312 പോയിന്റോടെ തൃശൂർ നാലാമതും എത്തി. കഴിഞ്ഞ മേളയിലെ ചാമ്പ്യൻമാരായ കോഴിക്കോട് 1306 പോയിന്റാേടെ അഞ്ചാംസ്ഥാനത്താണ്.
സ്കൂൾതലത്തിൽ 125 പോയിന്റുമായി ഇടുക്കി കൂമ്പൻപാറ ഫാത്തിമമാതാ ജിഎച്ച്എസ്എസ് കിരീടംചൂടി. 117 പോയിന്റുമായി കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതും 113 പോയിന്റുമായി മാനന്തവാടി ജിവിഎച്ച്എസ്എസ് മൂന്നാമതുമെത്തി. ചാമ്പ്യൻമാരായ പാലക്കാടിനും രണ്ടാംസ്ഥാനക്കാരായ മലപ്പുറത്തിനും 17 ഒന്നാംറാങ്ക് ലഭിച്ചു. കണ്ണൂരിലെ 13 പ്രതിഭകൾക്കും ഒന്നാംറാങ്ക് നേടാനായി. മൂന്നുദിവസം ആറ് വേദിയിലായി ആറായിരത്തഞ്ഞൂറിലധികം കുരുന്നുകൾ മാറ്റുരച്ചു.
ടൗൺഹാളിൽ നടന്ന സമാപനച്ചടങ്ങിൽ വിജയികൾക്ക് മന്ത്രി ആന്റണി രാജു സമ്മാനം നൽകി. സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. മേയർ എം അനിൽകുമാർ അധ്യക്ഷനായി. ശാസ്ത്രോത്സവം സുവനീർ ജെബി മേത്തർ എംപി പ്രകാശിപ്പിച്ചു. മേളയുടെ ലോഗോ തയ്യാറാക്കിയ മുഹമ്മദ് റാഷിദിനെ ഡെപ്യൂട്ടി മേയർ കെ എ അൻസിയ ആദരിച്ചു. പി വി ശ്രീനിജിൻ എംഎൽഎ, ജനറൽ കൺവീനർ എം കെ ഷൈൻമോൻ, കെ ജീവൻബാബു, പി ആർ റെനീഷ്, വി എ ശ്രീജിത്, സുധ ദിലീപ്, മനു ജേക്കബ്, ആർഡിഡി കെ അബ്ദുൾ കരീം, ലിസി ജോസഫ്, എം ജോസഫ് വർഗീസ്, ഹണി ജെ അലക്സാണ്ടർ എന്നിവർ സംസാരിച്ചു.