ന്യൂഡൽഹി
ഭീമാ കൊറേഗാവ് കേസിലെ പ്രതിയും സാമൂഹ്യപ്രവർത്തകനുമായ ഗൗതംനവ്ലാഖയെ വീട്ടുതടങ്കലിലാക്കാൻ സുപ്രീംകോടതി നിർദേശം. വീട് വിട്ടുപോകരുത്, ചുറ്റും പൊലീസിനെ ഏർപ്പെടുത്തണം, ഇന്റർനെറ്റോ ലാപ്ടോപ്പോ മറ്റ് ആശയ വിനിമയോപാധികളോ ഉപയോഗിക്കരുത്, പൊലീസ് സാന്നിധ്യത്തിൽ 10 മിനിറ്റ് ഫോണിൽ സംസാരിക്കാം, ഫോൺ കോളുകൾ എൻഐഎക്ക് പരിശോധിക്കാം, മുംബൈ വിടരുത്, ആഴ്ചയിൽ രണ്ട് ബന്ധുക്കൾക്ക് സന്ദർശിക്കാം, സാക്ഷികളുമായി ബന്ധപ്പെടരുത് –- തുടങ്ങിയ ഉപാധികളോടെ ഒരു മാസത്തേക്കാണ് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ച് വീട്ടുതടങ്കൽ അനുവദിച്ചത്.
ഇക്കാലയളവിനുശേഷം എൻഐഎ പുതിയ മെഡിക്കൽ പരിശോധന നടത്തി റിപ്പോർട്ട് നൽകണം. ഡിസംബർ രണ്ടിന് കേസ് പരിഗണിക്കും. ആരോഗ്യസാഹചര്യങ്ങൾ പരിഗണിച്ച് വീട്ടുതടങ്കൽ അനുവദിക്കണമെന്ന ഗൗതംനവ്ലാഖയുടെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.