കൊച്ചി
സൈക്കിൾ റിമ്മും പഴയ സാരിയുംകൊണ്ട് എന്ത് ചെയ്യാനാകും? അതും കാഴ്ചപരിമിതിയുള്ള കുട്ടിക്ക്. മേശയുടെ രൂപത്തിലാണ് മൂന്നാംക്ലാസുകാരൻ അജയ് ബാലു ഉത്തരം നൽകുന്നത്. ചൂലും പാളത്തൊപ്പിയും സ്പെഷ്യൽ സ്കൂൾ തത്സമയ പ്രവൃത്തിപരിചയമേളയിൽ ഈ കൊച്ചുമിടുക്കൻ സൃഷ്ടിച്ചു. വെളിച്ചത്തിന്റെ ലോകം
ജന്മനാ നഷ്ടമായ അജയ്, മേളയ്ക്കെത്തിയവരുടെ മൊബൈൽ ക്യാമറകൾക്കുമുന്നിൽ താനുണ്ടാക്കിയ പാളത്തൊപ്പിയും വച്ച് നടന്നതും കൗതുകമായി. അതിഥിത്തൊഴിലാളിയായി എത്തി 15 വർഷമായി കോഴിക്കോട്ട് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി ബാലുവിന്റെ മകൻ അജയ്, ഇന്ന് കേരളത്തിന്റെ സ്വന്തം മകനാണ്. നിർമാണത്തൊഴിലാളിയായ ബാലുവും ഭാര്യ ഉഷയും കോഴിക്കോട്ട് പള്ളിത്താഴത്ത് വാടകയ്ക്ക് താമസിക്കുകയാണ്. വിജയ്, വിദ്യ എന്നിവരാണ് മറ്റു മക്കൾ.
കോഴിക്കോട് റഹ്മാനിയ സ്കൂൾ ഫോർ ഹാൻഡികാപ്ഡിൽ പഠിക്കുന്ന അജയ്ക്ക് പരിശീലനം നൽകിയത് അധ്യാപകൻ മലപ്പുറം വഴിപ്പാറ സ്വദേശി നൗഷാദ് ടി അങ്ങാടിപ്പുറമാണ്. ജന്മനാ കാഴ്ചപരിമിതിയുള്ള നൗഷാദ്, ഇതേ സ്കൂളിലെ വിദ്യാർഥിയായിരുന്നു. 2008 മുതൽ അധ്യാപകനാണ്.