കൊച്ചി
പറഞ്ഞ സമയത്തിനുമുമ്പേ പണി തീർന്നാൽ എന്തുചെയ്യണം. മത്സരവേദിയിൽ സ്വയം നെയ്ത ഈറ്റ കർട്ടൻ പായയാക്കി ഉറക്കംതന്നെ പോംവഴി. സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ പ്രവൃത്തിപരിചയ മത്സരവേദിക്ക് ചൂടുപിടിച്ച അവസാന മണിക്കൂറുകളിൽ ജോയൽ ശാന്തനായുറങ്ങി. കൗതുകക്കാഴ്ച പകർത്താനെത്തിയ മാധ്യമപ്രവർത്തകരാണ് കുഞ്ഞു ജോയലിന്റെ ഉറക്കംമുറിച്ചത്. ഒടുവിൽ യുപി വിഭാഗം ഈറ്റ ഉൽപ്പന്നനിർമാണ മത്സരത്തിൽ ജോയൽ ഒന്നാംസമ്മാനവും നേടി.
മൂന്ന് മണിക്കൂർ മത്സരത്തിന്റെ ആദ്യ രണ്ടുമണിക്കൂർ പിന്നിട്ടപ്പോൾ ജോയലിന്റെ കരവിരുതിൽ ഈറ്റ കർട്ടൻ റെഡിയായി. നാലടിയോളം നീളത്തിൽ പച്ച ഈറ്റയിൽ തീർന്ന കർട്ടനിൽ കൈയോടിച്ച് കുറെ സമയം ഇരുന്നു. പിന്നെ നിലത്തുവിരിച്ചിട്ട കർട്ടന്റെ ഒരറ്റത്തേക്ക് പയ്യെ ചാഞ്ഞു.
കാഴ്ചപരിമിതരുടെ വിഭാഗത്തിലാണ് കാഞ്ഞിരപ്പള്ളി കാളകെട്ടി അസീസി സ്കൂൾ ഫോർ ദി ബ്ലൈൻഡ് ഏഴാംക്ലാസ് വിദ്യാർഥി ജോയൽ മത്സരിച്ചത്. മെക്കാനിക്കൽ എൻജിനിയർ കോട്ടയം ആനക്കല്ല് വടക്കേ കൊല്ലംപറമ്പിൽ വീട്ടിൽ ജയിംസിന്റെയും ഇസ്രയേലിൽ ഹോം നഴ്സായ അനുമോളുടെയും മകനാണ്.