ന്യൂഡൽഹി
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിനെ അറസ്റ്റ് ചെയ്യാത്തത് എന്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ഡൽഹി കോടതി. ‘എന്തുകൊണ്ട് അവരെമാത്രം ഒഴിവാക്കുന്നു? നിങ്ങൾ അവർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നല്ലോ? കേസുമായി ബന്ധപ്പെട്ട് ചിലരെമാത്രം അറസ്റ്റ് ചെയ്യുകയും ചിലരെ ഒഴിവാക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല’–- കോടതി പറഞ്ഞു. ജാക്വിലിൻ ഫെർണാണ്ടസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രത്യേക കോടതി ജഡ്ജി സുരേന്ദ്രമല്ലിക്ക് ഇഡിയെ ചോദ്യം ചെയ്തത്. വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചേക്കും.
തട്ടിപ്പുകാരൻ സുകേശ് ചന്ദ്രശേഖരന്റെ കേസുമായി ബന്ധപ്പെട്ട് ജാക്വിലിൻ ഫെർണാണ്ടസിനെ ഇഡി പലതവണ ചോദ്യം ചെയ്തിരുന്നു. തട്ടിപ്പുപണം ഉപയോഗിച്ച് സുകേശ് ചന്ദ്രശേഖരൻ ജാക്വിലിനും ബന്ധുക്കൾക്കും വിലപിടിപ്പുള്ള ആഡംബര പാരിതോഷികങ്ങൾ കൈമാറിയെന്നാണ് ആരോപണം.