കൊൽക്കത്ത
ബംഗാളിൽ സഹകരണസംഘം തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെതിരെ സിപിഐ എമ്മും ബിജെപിയും യോജിച്ച് പ്രവർത്തിച്ചെന്ന വാർത്തകൾ വസ്തുതാവിരുദ്ധം. പൂർവമേദിനിപുർ ജില്ലയിലെ നന്ദകുമാറിലെ സഹകരണസംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വിവിധ മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിച്ചത്.
നന്ദകുമാർ കാർഷിക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ബലപ്രയോഗത്തിലൂടെ അധികാരം കൈക്കലാക്കാനുള്ള തൃണമൂലിന്റെ ശ്രമങ്ങൾക്കതിരെ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. പശ്ചിമ ബംഗാള്‍ സമവായ് ബച്ചാവോ സമിതിയാണ് (സഹകരണ സംരക്ഷണ സമിതി) തൃണമൂലിനെതിരെ മത്സരിച്ചത്. വിവിധ സംഘടനകളിൽ പ്രവർത്തിക്കുന്നവർ ഈ കൂട്ടായ്മയുടെ ഭാഗമായിരുന്നു.
2011ൽ തൃണമൂൽ അധികാരത്തിൽ വന്നശേഷം സഹകരണമേഖലയിലെ കൊള്ളയടി തടയാനും ജനാധിപത്യം സംരക്ഷിക്കാനും വേണ്ടിയാണ് സഹകരണ സംരക്ഷണ സമിതി രൂപീകരിച്ചത്. നന്ദകുമാർ സഹകരണസംഘത്തിൽ കഴിഞ്ഞ തവണയും സംസ്ഥാനത്ത് പലയിടങ്ങളിലും ഈ സമിതി സഹകരണസംഘം തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ജയിച്ചിട്ടുണ്ട്.
ഇത്തവണ ആകെയുള്ള 63 സീറ്റിൽ എല്ലാ സീറ്റിലും സമിതി വിജയിച്ചു. ഇതിൽ വിറളിപൂണ്ട തൃണമൂൽ കോൺഗ്രസാണ് സഹകരണ സംരക്ഷണ മുന്നണിയെ സിപിഐ എം–-ബിജെപി സംഖ്യമായി ചിത്രീകരിച്ചത്. ബംഗാളിലെ ചില തൃണമൂൽ അനുകൂല മാധ്യമങ്ങൾ ഏറ്റെടുത്ത ഈ പ്രചാരണം പിന്നീട് മലയാള മാധ്യമങ്ങളും ഏറ്റുപിടിച്ചു.
തൃണമൂലിനെ നേരിടാൻ സംസ്ഥാനത്ത് ബിജെപിയുമായി ഒരു തരത്തിലുമുള്ള രാഷ്ട്രീയ ധാരണയോ പ്രാദേശികതലത്തിൽപ്പോലും തെരഞ്ഞെടുപ്പ് നീക്കുപോക്കോ നടത്തിയിട്ടില്ലെന്ന് സിപിഐ എം ബംഗാൾ സംസ്ഥാന കമ്മിറ്റി അറിയിച്ചു. തൃണമൂലും ബിജെപിയും ജനങ്ങളുടെ തുല്യ ശത്രുക്കാണെന്നും ഇരുവരേയും ഒരേപോലെ എതിർക്കുമെന്നും വ്യക്തമാക്കി.