ലണ്ടൻ
വേതനവർധന ആവശ്യപ്പെട്ട് ബ്രിട്ടനിൽ മൂന്നുലക്ഷത്തിലധികം നഴ്സുമാർ സമരത്തിലേക്ക്. രൂക്ഷമായ വിലക്കയറ്റ സാഹചര്യത്തിൽ വേതനം വർധിപ്പിക്കണമെന്നാണ് ആവശ്യം. റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ (ആർസിഎൻ) നേതൃത്വത്തിലാണ് ദേശീയ ആരോഗ്യ സർവീസിന്റെ ഭാഗമായ നഴ്സുമാർ വർഷാന്ത്യത്തിൽ സമരം നടത്തുന്നത്. സംഘടനയുടെ 106 വർഷ ചരിത്രത്തിൽ ആദ്യമായാണ് പണിമുടക്കാൻ വോട്ടെടുപ്പിലൂടെ തീരുമാനിക്കുന്നത്.
ദേശീയ ആരോഗ്യ സർവീസ് നഴ്സുമാരുടെ ശമ്പളം പലതവണയായി 20 ശതമാനം വെട്ടിക്കുറച്ചിരുന്നു. സെപ്തംബർ ആയതോടെ നിത്യച്ചെലവിനായി നഴ്സുമാർക്ക് ഒരുനേരത്തെ ഭക്ഷണം ഉപേക്ഷിക്കേണ്ട നില വന്നിരുന്നു. കഴിഞ്ഞ വർഷം 25,000 നഴ്സുമാർ ജോലി രാജിവച്ചു–- സംഘടന ചൂണ്ടിക്കാട്ടി.
സർക്കാർ നിക്ഷേപം വൻതോതിൽ വെട്ടിക്കുറയ്ക്കപ്പെട്ടതോടെ രാജ്യത്ത് ആരോഗ്യരംഗം വൻ പ്രതിസന്ധി നേരിടുകയാണ്. വൻ സാമ്പത്തികബാധ്യത ഉണ്ടാക്കുമെന്നതിനാൽ ആവശ്യം നിറവേറ്റാനാകില്ലെന്ന നിലപാടിലാണ് ഋഷി സുനക് സർക്കാർ.