ന്യൂഡൽഹി
ഹിമാചൽ പ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് എത്രയും വേഗം നടപ്പാക്കുമെന്ന് ആവർത്തിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസത്തെ റാലിയിൽ കോൺഗ്രസിൽ കുടുംബവാഴ്ചയാണെന്നും ഷാ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ 68 നിയമസഭാ മണ്ഡലത്തിൽ ശനിയാഴ്ചയാണ് വോട്ടെടുപ്പ്. ആപ്പിൾ കർഷകരുടെ പ്രതിസന്ധി, സർക്കാർ ജീവനക്കാർക്കായി പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, വികസനമുരടിപ്പ്, കടുത്ത തൊഴിലില്ലായ്മ, രൂക്ഷമായ വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളാണ് പ്രചാരണത്തിൽ മുഖ്യമായി ഉയർന്നുവന്നത്. പ്രതിപക്ഷമായ കോൺഗ്രസ് ചിതറിയ നിലയിലാണെങ്കിലും ബിജെപി സർക്കാരിനെതിരായി ഭരണവിരുദ്ധവികാരം ശക്തമാണ്.
11 സീറ്റിൽ മൽസരിക്കുന്ന സിപിഐ എം സിറ്റിങ് സീറ്റായ ടിയോഗടക്കം അഞ്ച് മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം ബൃന്ദാ കാരാട്ട് തുടങ്ങിയവർ സിപിഐ എം സ്ഥാനാർഥികൾക്കായി പ്രചാരണത്തിനെത്തി. എല്ലാ സീറ്റിലും മത്സരിക്കുന്നുണ്ടെങ്കിലും എഎപി കാര്യമായ ചലനം സൃഷ്ടിക്കുന്നില്ല.
മഞ്ഞുവീഴ്ചയും
മഴയും
വോട്ടെടുപ്പിന് ഒരു ദിവസംമാത്രം ശേഷിക്കെ സംസ്ഥാനത്തെ ഉയർന്ന ഹിമാലയൻ മേഖലകളിൽ മഞ്ഞുവീഴ്ച ശക്തിപ്പെട്ടു.
ലാഹോൾ–- സ്പിതി, കുള്ളു, കിന്നോർ, മണാലി എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച. ഷിംലയടക്കം മറ്റ് മേഖലകളിൽ മഴയുമുണ്ട്.