ന്യൂഡൽഹി
ഗുജറാത്തിൽ ബിജെപി പുറത്തുവിട്ട ആദ്യ സ്ഥാനാർഥി പട്ടികയിൽ ഇരുപതോളം മുൻ കോൺഗ്രസുകാർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചശേഷം ബിജെപിയിലേക്ക് കൂറുമാറിയവരെല്ലാം പട്ടികയിലുണ്ട്. കോൺഗ്രസ് വർക്കിങ് പ്രസിഡന്റായിരുന്ന ഹാർദിക് പട്ടേലാണ് വിരംഗ്രാമിൽ ബിജെപി സ്ഥാനാർഥി.
മുൻ കോൺഗ്രസ് നേതാവ് അൽപേഷ് ഠാക്കൂറിന്റെ സീറ്റിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗമാണ് ഗുജറാത്തിൽ മുൻ കോൺഗ്രസുകാർക്ക് കൂട്ടത്തോടെ സീറ്റ് നൽകിയത്. ബിജെപിക്കാരായ 38 സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചു. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കളായ മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ഭൂപേന്ദ്രസിങ് ചുദസാമ, പ്രദീപ് സിങ് ജഡേജ തുടങ്ങിയവർക്കൊന്നും സീറ്റില്ല. ഡൽഹിയിൽ ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിനിടെതന്നെ തങ്ങൾ ഇക്കുറി മത്സരിക്കാനില്ലെന്ന് മുതിർന്ന നേതാക്കളെക്കൊണ്ട് നിർബന്ധപൂർവം പറയിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന കോൺഗ്രസ് എംഎൽഎ മോഹൻ രത്വയുടെ മകൻ രാജേന്ദ്രസിങ് രത്വയ്ക്ക് സീറ്റ് നൽകി. അടുത്തിടെ ബിജെപിയിൽ ചേർന്ന കോൺഗ്രസ് എംഎൽഎമാരായ ഭഗ്വാൻ ബരാഡ്, ഹർഷദ് റിബാദിയ, അശ്വിൻ കോട്വാൾ എന്നിവർക്കും സീറ്റുണ്ട്.
ഏറ്റവും ഒടുവിൽ ബിജെപിയിൽ എത്തിയ കോൺഗ്രസ് എംഎൽഎയായ ഭവേഷ് കടാര ആദ്യ പട്ടികയിലില്ല. എന്നാൽ, ഇദ്ദേഹത്തിന്റെ മണ്ഡലമായ ജലോഡിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസിൽനിന്ന് കൂറുമാറി എത്തി മന്ത്രിമാരായ കൻവർജി ബവാലിയ, ജിതു ചൗധുരി എന്നിവർക്ക് സീറ്റുണ്ട്. കൂറുമാറി ബിജെപിക്കാരായ ജവഹർ ചാവ്ഡ, അക്ഷയ് പട്ടേൽ, ജെ കെ കക്കാദിയ, പ്രത്യുമ്ന സിങ് ജഡേജ എന്നിവർക്കും സീറ്റുണ്ട്.