കണ്ണൂർ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംഘപരിവാർ സൃഷ്ടിച്ച നുണക്കഥ ഏറ്റുപിടിച്ച് നാണംകെട്ടിട്ടും പിൻമാറാതെ ആവർത്തിച്ച് ഗവർണർ ആരിഫ് മൊഹമ്മദ്ഖാൻ. കൊലക്കേസ് പ്രതിയെ രക്ഷിക്കാൻ സ്റ്റേഷനിലെത്തിയ പിണറായി വിജയനുനേരെ ഐപിഎസ് ഓഫീസർ തോക്കുചൂണ്ടിയെന്നാണ് കഴിഞ്ഞദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. 2020ൽ ‘ശിവജി ആര്യ’ എന്ന സംഘപരിവാർ സമൂഹ മാധ്യമ പ്രൊഫൈലിൽ സൃഷ്ടിച്ച നുണയാണ് ഏറ്റുപിടിച്ചതെന്ന് ‘ദേശാഭിമാനി’ വസ്തുതാപരമായി വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ്, സ്റ്റേഷനിലെ ജനറൽ രജിസ്റ്ററിൽ ഇതെല്ലാമുണ്ടെന്ന് ഗവർണർ അവകാശപ്പെട്ടത്.
തോക്കുചൂണ്ടിയെന്നും പിണറായി വിജയൻ ഉടൻപോയി മുണ്ട് മാറിയെന്നും സ്റ്റേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മറ്റുമുള്ള ഇല്ലാക്കഥയാണ് ഗവർണർ വിളിച്ചുപറഞ്ഞത്. ഇത് ജനങ്ങളുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യലാണ്.
1970 മുതൽ ’77 വരെ കൂത്തുപറമ്പ് എംഎൽഎ ആയിരുന്നു പിണറായി വിജയൻ. ഈ കാലയളവിൽ ഒരിക്കലും ഗവർണർ പരാമർശിച്ച സംഭവം നടന്നതായി ആരും പറഞ്ഞിട്ടുമില്ല, രേഖപ്പെടുത്തിയിട്ടുമില്ല. പിണറായി വിജയന്റെ കോളേജുകാലം മുതലുള്ള ചരിത്രം അറിയാമെന്നവകാശപ്പെടുന്ന കെ സുധാകരനോ ആർഎസ്എസ്–-ബിജെപി നേതാക്കളോപോലും ഇത്തരമൊരു കഥ പറഞ്ഞിട്ടില്ല. ആരും വിശ്വസിക്കാത്ത നുണയാണ് ‘എക്സ്ക്ലൂസീവാ’യി ഗവർണർ അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ജീവചരിത്ര ഗവേഷണം നടത്താനാണോ ഗവർണർപദവി ഉപയോഗിക്കുന്നതെന്ന ചോദ്യവും ഉയരുകയാണ്.
വക്കാലത്തുമായി ബിജെപി മുഖപത്രവും
ഗവർണറെ ന്യായീകരിക്കാൻ ബിജെപി മുഖപത്രം ജന്മഭൂമിയും രംഗത്തെത്തി. ഗവർണർ പറഞ്ഞ സംഭവം അജിത് ഡോവൽ തലശേരി എഎസ്പിയായി ചുമതതലയേൽക്കുന്നതിനുമുമ്പ് എന്ന് ‘ദേശാഭിമാനി’ എഴുതിയെന്നാണ് ജന്മമഭൂമി പറഞ്ഞത്. അജിത് ഡോവലിനെ നായകനാക്കിയാണ് സംഘപരിവാർ കഥ സൃഷ്ടിച്ചതെങ്കിലും ആ സമയത്ത് അദ്ദേഹം ചുമതലയേറ്റിട്ടില്ലെന്നും അതിനാൽ കഥ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമെന്നുമാണ് ‘ദേശാഭിമാനി’ വിശദീകരിച്ചത്. നുണക്കഥ പൊളിഞ്ഞപ്പോഴാണ്, സംഭവം അജിത് ഡോവൽ വരുന്നതിനുമുമ്പാണെന്നു ജന്മഭൂമി പറയുന്നതും അന്ന് ആരാണ് എഎസ്പിയെന്ന് ചോദിക്കുന്നതും. അന്ന് ആര് എഎസ്പി എന്നതല്ല വിഷയം, അങ്ങനെയൊരു സംഭവം നടന്നോയെന്നതാണ്. സംഭവമേ നടക്കാത്ത സാഹചര്യത്തിൽ, ഡോവലിനുമുമ്പ് ആര് എഎസ്പിയായാലെന്ത് എന്നാണ് മറുചോദ്യം.